കൊച്ചി: സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയെ തല്ലിചതച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. കളക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേസമയം, പൊലീസ് ലാത്തിച്ചാര്‍ജിനിടെ കയ്യിലേറ്റ പരുക്കിനെ കുറിച്ചുള്ള മെഡിക്കല്‍ രേഖകള്‍ എല്‍ദോ എബ്രഹാം എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് കൈമാറി.
കൊച്ചിയില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് എറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസ് നടത്തിയത്. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കളക്ടറുടെ കണ്ടെത്തല്‍. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്തിയില്ലെന്നതാണ് പൊലീസിനെതിരെയുള്ള പ്രധാന കണ്ടെത്തല്‍. എംഎല്‍എ അടക്കമുള്ളവരെ മര്‍ദ്ദിച്ചത് ശരിയായില്ല. എംഎല്‍എയെയും നേതാക്കളെയും തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രകോപനമുണ്ടായതായും കളക്ടര്‍
സി.പി.ഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായതായും കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. മാര്‍ച്ച് നടത്തുന്നതിന് അനുമതി വാങ്ങിയിരുന്നില്ല. ഡി.ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്ന വിവരം സ്പെഷല്‍ ബ്രാഞ്ച് മുഖേന രാവിലെയാണ് പൊലീസ് അറിഞ്ഞത്. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമറിച്ചു. പൊലീസിനുനേരെ കയ്യേറ്റശ്രമം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിക്ക് ഗൗരവമുള്ളതല്ല
സി.പി.ഐ നേതാക്കള്‍ക്കും പൊലീസിനും ഉണ്ടായിരിക്കുന്ന പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് കളക്ടറുടെ കണ്ടെത്തല്‍. മര്‍ദനമേറ്റ എം.എല്‍.എ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കളില്‍ നിന്നും ആരോപണ വിധേയരായ പൊലീസുകാരില്‍ നിന്നും കളക്ടര്‍ മൊഴിയെടുത്തിരുന്നു. ഇരു വിഭാഗവും നല്കിയ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.