നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ കോണ്‍ഗ്രസ് നേതാക്കള്‍. ദുഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍. പ്രകാശിന്റെ വിയോഗം തീരാനഷ്ടമാണുണ്ടാക്കുന്നതെന്നും ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. നിലമ്പൂരില്‍ യുഡിഎഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണ്. ഒരു സഹപ്രവര്ത്തകന് എന്നതിനേക്കാള്‍ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രകാശിന്റേത് അവിചാരിതമായ വേര്‍പാടാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്നലെ കാലത്തും പ്രകാശുമായി സംസാരിച്ചിരുന്നു വെന്നും കൊവിഡ്-19 കണ്ട്രോള് റൂം തുടങ്ങുന്നതടക്കമുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പ് സംബന്ധിച്ച് കാര്യങ്ങളെല്ലാം ഓര്‍ക്കുകയാണ്. എല്ലാവരേയും ചേര്‍ത്തുപിടിച്ച നേതാവ്, ലാളിത്യമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. നിലമ്പൂരില്‍ എന്തായാലും വിജയിക്കുമെന്നാണ് വിലയിരുത്തല്‍. അസംബ്ലിയില്‍ വെച്ച് കാണാമെന്നാണ് അവസാനം പറഞ്ഞത്. എങ്ങനെയാണ് ഇതം സംഭവിച്ചതെന്ന് അറിയില്ല. ഉള്‍ക്കൊള്ളാന്‍ കഴിയില്ല.- ടി സിദ്ധിഖ് പറഞ്ഞു.
ഞെട്ടലോടെയാണ് കേട്ടത്. മനസ് തൊട്ടറിഞ്ഞ നേതാവാണ് നഷ്ടപ്പെട്ടത്. എന്നും ഒരു വലംകൈയ്യാണ് അദ്ദേഹം. എളിമയില്‍ നിന്നും വളര്‍ന്നുവന്ന് സ്നേഹദരങ്ങള്‍ പിടിച്ചുപറ്റി വിജയം പ്രതീക്ഷിച്ചിരിക്കുന്ന വിവി പ്രകാശന്റെ വിയോഗം എങ്ങനെ ഉള്‍ക്കൊള്ളും. അത് ഒരു തീരാ നഷ്ടമാണ്. എന്ത് പറയണമെന്ന് അറിയില്ല. പാര്‍ട്ടിക്ക് വന്ന നഷ്ടം കാലം നികത്തട്ടെ-കെ സുധാകരന് പറഞ്ഞു.
വി.വി. പ്രകാശിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി അനുശോചിച്ചു. സമാദരണീയനായ നേതാവിന്റ
അപ്രതീക്ഷിത വിയോഗം പ്രവര്‍ത്തകര്‍ക്ക് താങ്ങാനാവുന്നതിനപ്പുറമാണെന്ന് ജോസ് കെ മാണി പറഞ്ഞു.
അവിശ്വസനീയം..പ്രിയ സുഹൃത്ത് ശ്രീ വി.വി പ്രകാശിന് കണ്ണീരോടെ വിട..ആദരാഞ്ജലികള്‍- പിവി അന്‍വര്‍
ഇന്ന് പുലര്‍ച്ചെയായിരുന്നു വി വി പ്രകാശിന്റെ അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. അന്‍പത്തിയാറ് വയസായിരുന്നു. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്നു.


