ന്യൂഡല്‍ഹി: വ്യാഴാഴ്ച വൈകി പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ പതിനാലാം സ്ഥാനാര്‍ഥി പട്ടികയിലും വയനാടും വടകരയും ഇല്ല. സംസ്ഥാനത്ത് സ്ഥാനാര്‍ഥികള്‍ നാമ നിര്‍ദേശ പത്രിക നല്കാന് തുടങ്ങിയിട്ടും വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.

രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന് സംശയമുള്ള വയനാട് മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകാത്തതാണ് വടകരയിലെ പ്രഖ്യാപനവും വൈകുന്നത്. വയനാട്ടില്‍ അനൗദ്യോഗികമായി കെപിസിസി പ്രഖ്യാപിച്ച ടി സിദ്ദിഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറിയെങ്കിലും വടകരയില്‍ കെ മുരളീധരന് പ്രചാരണം തുടരുകയാണ്.
വ്യാഴാഴ്ച വരെ 293 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും തീരുമാനമായില്ല. ഇതുണ്ടാക്കുന്ന പ്രതിസന്ധി കേരള നേതാക്കള്‍ അറിയിച്ചെങ്കിലും രാഹുല്‍ മനസ് തുറന്നിട്ടില്ല. എ കെ ആന്റണി , കെ സി വേണു ഗോപാല്‍ , വി. ഡി സതീശന് എന്നിവര്‍ തെരഞ്ഞെടുപ്പ് സമിതി യോഗത്തിലുണ്ടായിരുന്നുവെങ്കിലും ആരും ഇക്കാര്യം ഉന്നയിച്ചില്ലെന്നാണ് വിവരം. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെ 31 സ്ഥാനാര്‍ഥികളെയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
രാഹുല്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ ഇടതുകക്ഷികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇടതു മുന്നണിയിലെ ഘടകക്ഷികളായ എന്‍സിപിയും ജനതാദള്‍ എസും രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ സമ്മര്‍ദം ശക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വയനാട്ടില്‍ പ്രചാരണ രംഗത്ത് പിന്നോട്ട് പോകുമെന്നും പ്രഖ്യാപനം ഇനിയും വൈകരുതെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.
വടകരയില്‍ കെ മുരളീധരനും വയനാട്ടില്‍ ടി സിദ്ദിഖുമാണ് സ്ഥാനാര്‍ത്ഥികള്‍ എന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചെങ്കിലും എഐസിസി സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ടിട്ടില്ല. അതിനിടെയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രമാചന്ദ്രന്‍, ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കള്‍ രാഹുല്‍ എത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടി സിദ്ദിഖ് പ്രചാരണം അവസാനിപ്പിക്കുകയും പിന്മാറാന് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


