കൊച്ചി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ ബൂത്ത് തലം മുതലുളള ഭാരവാഹികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ബൂത്ത് തലം മുതലുളള പ്രവര്‍ത്തകരെ നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുന്നത്.
നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വരവിന്റെ ഉദ്ദേശം. ഒപ്പം വിവിധ സീറ്റുകളില്‍ ആവശ്യമുന്നയിച്ച് രംഗത്തുളള ഘടകകക്ഷികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളുമുണ്ടാകും. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മും മുസ്ലീം ലീഗും രംഗത്തുളളതാണ് നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് തലവേദന. കേരള കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ വൈകുന്നേരത്തെ കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടേക്കും. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയവും സംബന്ധിച്ചും രാഹുലിന്റെ സന്ദര്‍ശനത്തിനുശേഷമേ തീരുമാനമാകൂ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മനസിലിരിപ്പുകൂടി സംസ്ഥാന നേതാക്കള്‍ തേടുന്നുണ്ട്. സിറ്റിങ് എം പി മാര്‍ തന്നെ മല്‍സരിക്കണോ അതോ ജയസാധ്യതയുളള പുതുമുഖങ്ങള്‍ വേണോ എന്ന കാര്യത്തിലാണ് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുന്നത്.

