തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് നടപടിയിലേക്ക് നയിച്ചത്.
ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന് ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണന് പറഞ്ഞു.
മമ്പറം ദിവാകരന് കോണ്ഗ്രസ്സിലുണ്ടോയെന്ന് തനിക്കറിയില്ലെന്ന് കെ സുധാകരന് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത സന്ദര്‍ഭത്തിലായിരുന്നു ഇത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ്സില്‍ തന്നെയാണെന്ന് മമ്പറം അന്ന് പ്രതികരിച്ചു. ഇന്ത്യന്‍ ദേശീയതയുമായി യോജിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സിനു വേണ്ടി താന്‍ ഒരു പാട് സഹിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരന്റെ കണ്ണൂരിലെ പാര്‍ട്ടിയിലെ എതിരാളി കൂടിയാണ് മമ്പറം.
മമ്പറം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെകെ പ്രസാദിനെയും നീക്കം ചെയ്തിട്ടുണ്ട്. മമ്പറത്തിനു വേണ്ടി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് നടപടി. ഈ സ്ഥാനത്തേക്ക് ഡിസിസി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താല്‍ക്കാലിക ചുമതല നല്കി.
ധര്‍മ്മടത്ത് കെ സുധാകരന് പിണറായിക്കെതിരെ മത്സരിക്കാതിരുന്നത് അടക്കമുള്ള പ്രശ്നങ്ങളുയര്‍ത്തി മമ്പറം നേരത്തെ യുദ്ധമുഖം തുറന്നിരുന്നു. സുധാകരന് മൈക്കിനു മുന്നില്‍ അണികളെ ആവേശം കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. തന്നെ ഡിസിസി പ്രസിഡന്റാകുന്നത് തടയാന്‍ സുധാകരന് പ്രവര്‍ത്തിക്കുന്നതായും മമ്പറം ആരോപിച്ചിരുന്നു.


