കള്ളകച്ചവട സാമ്രാജ്യത്തിന്റെ പ്രധാന താവളമാണ് മുഖ്യമന്ത്രിയുടെ ഓഫിസെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ. മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിലാണ് മുഖ്യമന്ത്രിയേയും ഓഫീസിനെയും രൂക്ഷമായി വിമർശിക്കുന്നത്.
കത്തിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:-
ബഹുമാനപെട്ട മുഖ്യമന്ത്രിയ്ക്ക്,
“എൽഡിഎഫ് വരും എല്ലാം ശരിയാകും” എന്ന ഒരു പ്രതീക്ഷയുടെ മുദ്രാവാക്യം രാഷ്ട്രീയ കേരളത്തിന്റെ മുന്നിൽ വച്ച് കൊണ്ടാണല്ലോ താങ്കൾ നേതൃത്വം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് മുന്നിൽ വോട്ട് തേടിയത്. ഭരിച്ചുകൊണ്ടിരുന്ന യുഡിഎഫ് സർക്കാർ അഴിമതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും, കെടുകാര്യസ്ഥതയുടെയും ചേറ് ചുമക്കുന്നവരാണ് എന്ന് തുടങ്ങി നിരവധി അസത്യപ്രചാരണം നിങ്ങൾ നടത്തി. (അതിലൊന്നുപോലും തെളിയിക്കാൻ പിൽക്കാലത്തു കഴിഞ്ഞില്ല എന്നതാണ് സത്യം) അഴിമതിരഹിതവും സുതാര്യവുമായ ഒരു കേരളം കെട്ടിപ്പടുക്കാൻ ഇടതു ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്നും പ്രകടനപത്രികയിലൂടെയും അല്ലാതെയും നിങ്ങൾ പറഞ്ഞുവച്ചു. നിങ്ങളുടെ ഈ സർക്കാരിൻ്റെ കാലാവധി പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, നിങ്ങൾ ഒരു സ്വയം വിമർശനത്തിന് തയ്യാറാകണമെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ജനാധിപത്യ കേരളം രഹസ്യമായും, പരസ്യമായും, ചിന്തിക്കുന്നതും, പറയുന്നതുമായ ചില വിവരങ്ങൾ കേരളീയ സമൂഹത്തിന്റെ മുന്നിലുണ്ട്
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് താങ്കൾ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞ പ്രധാന കാര്യങ്ങളിൽ എത്രയെണ്ണം നടപ്പിലാക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പ്രവർത്തനം സുതാര്യമാകുമെന്നും അഴിമതിയുടെ ആൾരൂപങ്ങളെയും, അവതാരങ്ങളെയും, അടയാളങ്ങളെയും അനുവദിക്കുകയില്ല എന്ന് ആവർത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വർണക്കള്ളക്കടത്തുകാരുടെയും, പങ്കുകച്ചവടക്കാരുടെയും, ഇടനിലക്കാരുടെയും ഇടത്താവളമായി ഓഫീസും ഓഫീസിലെ പ്രധാന ചുമതലക്കാരനും മാറിയത് താങ്കൾ മുഖ്യമന്ത്രിയായിരുന്ന ഈ കാലയളവിലാണ്.
സാധാരണക്കാരന് അവരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ മുഖദാവിൽ അവതരിപ്പിക്കാൻ അവസരം നിഷേധിക്കുന്ന നിങ്ങളുടെ ഓഫീസിൽ ഇത്തരം കള്ളക്കച്ചവടക്കാരും അസന്മാർഗികളും, ദുർനടപ്പുകാരും കയറിയിറങ്ങി തങ്ങളുടെ കള്ളകച്ചവട സാമ്രാജ്യത്തിന്റെ പ്രധാന താവളമാക്കിയ വിവരം താങ്കളുമറിഞ്ഞത് വാർത്ത മാധ്യമങ്ങളിൽ നിന്നാണോ?
ഓരോ ഫയലിലും ഓരോ ജീവിതം കിടപ്പുണ്ടെന്നും അത് കാണാതെ പോകരുതെന്നും ജീവനക്കാരോട് ജാഗ്രതപാലിക്കണമെന്നും ആവശ്യപ്പെട്ട നിങ്ങൾ ഭരിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ രണ്ടു തവണകളായി കേരളം നേരിട്ട പ്രകൃതി ദുരന്തത്തിലും നിങ്ങൾ സൃഷ്ട്ടിച്ച പ്രളയ ദുരന്തത്തിലും ഉപ്പു ചിരട്ട മുതൽ കിടപ്പാടം വരെ നഷ്ട്ടപെട്ടവന് അവർക്കു ന്യായമായി ലഭിക്കേണ്ട സഹായങ്ങൾ നൽകിയില്ല എന്നത് മാത്രമല്ല നാട്ടിലെ സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്ത കോടികൾ അർഹതപ്പെട്ടവർക്ക് നൽകാതെ അതിലും രാഷ്ട്രീയം കലർത്തി പാർട്ടിക്കാർക്കും പാർട്ടി ബന്ധുക്കൾക്കും തട്ടിയെടുക്കാൻ അവസരമൊരുക്കി നിങ്ങൾ. പട്ടിണിക്കാരന്റെയും പ്രാരബ്ധക്കാരന്റെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവുരുടെയും മനസായിരിക്കും ഈ സർക്കാർ എന്ന് പറഞ്ഞ നിങ്ങളാണ് ഈ മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾക്കു കൂട്ട് നിന്നത്.
പാർട്ടി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും മിതത്വം പാലിച്ചു ജീവിക്കണമെന്നും സർക്കാരിന് ബാധ്യതയാകുന്ന വിധത്തിൽ ജീവിക്കരുതെന്നും മുന്നറിയിപ്പ് നൽകിയ നിങ്ങളുടെ പാർട്ടിയുടെ നേതാക്കളും കുടുംബാംഗങ്ങളും നടത്തുന്ന അഴിമതിയുടെ കുംഭമേള സമീപ കാലങ്ങളിൽ കേരളം കണ്ടതല്ലേ? പാർട്ടി സെക്രട്ടറിയുടെ മക്കളുടെ ദുർനടപ്പും സാമ്പത്തിക കുറ്റങ്ങളും കേരളം വിട്ട് അറബി ദേശത്തെ വ്യവഹാര കോടതിയിൽ നിലനിൽക്കുകയല്ലേ? സ്വന്തം കുഞ്ഞിന്റെ പിതൃത്വം സ്ഥാപിച്ചു കിട്ടാൻ ഒരമ്മ നടത്തിയ പോരാട്ടം നിങ്ങളുടെ പാർട്ടിയിൽ നടന്നത് ഈ ഭരണ കാലത്തല്ലേ ?
അഴിമതിയും, അന്യായവും, ബന്ധുനിയമനങ്ങളും, അബദ്ധസഞ്ചാരങ്ങളും ഒക്കെ കൂടി ഒരു സർക്കാരിന് വഴിതെറ്റാവുന്ന പരമാവധി വളഞ്ഞ വഴിയിലൂടെയല്ലേ ഭരണം ഇപ്പോൾ ഇഴഞ്ഞു പോകുന്നത്? കുത്തക മുതലാളിത്തത്തിന്റെ കമ്പോളത്തിൽ നിന്ന് കേരളത്തെ രക്ഷപെടുത്തി സമത്വ സുന്ദരമായ പുത്തനുണർവ് പ്രദാനം ചെയ്യുന്ന ഒരു സർക്കാരായി മാറും ഈ ജനകീയ സർക്കാരാണെന്നാണല്ലോ നിങ്ങൾ പറഞ്ഞിരുന്നത്? ഇന്ന് കേരളത്തിൽ കച്ചവടത്തിന് കാലുറപ്പിക്കാത്ത ഏതെങ്കിലും കുത്തക മുതലാളിത്ത കമ്പനിക്കാരുണ്ടോ? അവരെല്ലാമായി നിങ്ങൾ രഹസ്യമായും പരസ്യമായും ഉണ്ടാക്കിയിരിക്കുന്ന ഇടപാടിന്റെ ബ്ലൂ പ്രിന്റുകളുടെ വിശദവിവരങ്ങൾ അങ്ങാടിക്കപ്പുറത്തും പാട്ടല്ലേ? ലോക രാജ്യങ്ങൾ കരിമ്പട്ടികയിൽപെടുത്തിയ കമ്പനികൾക്ക് വമ്പൻ ഓഫറുകൾ നൽകി കേരളത്തിലിറക്കി നടത്താനുദ്ദേശിക്കുന്ന കള്ളകച്ചവടത്തിന്റെ പലിശ സഹിതം തുക താങ്കളുടെ കുടുംബാംഗത്തിന്റെ കയ്യിലും എത്തുന്നു എന്ന് പറയുമ്പോൾ താങ്കൾ കാര്യങ്ങളിൽ പുലർത്തുന്ന സുതാര്യത സാമാന്യ ജനത്തിന് മനസ്സിലാകുന്നുണ്ട്
അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാർ തൊഴിലിനു വേണ്ടി അലയുന്ന ഈ നാട്ടിൽ പി എസ് സി യെ നോക്കുകുത്തിയാക്കി നിർത്തി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ ലക്ഷങ്ങൾ ശമ്പളം നൽകി നിയമനം നടത്തി സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ തസ്തികകളിൽ പ്രതിഷ്ഠിച്ച് അവർ വഴി നടത്തുന്ന സാമ്പത്തിക, അഴിമതി ,കച്ചവടങ്ങൾ നടന്നത് ഈ കാലയളവിലല്ലേ? തൊഴിൽ നേടാനായി പടയണി ചേരാൻ ആഹ്വാനം ചെയ്തവർ ,തൊഴിൽ അല്ലങ്കിൽ ജയിൽ എന്ന് മുദ്രാവാക്യം മുഴക്കിയവർ, ഇന്നലെകളിൽ തൊഴിലിനു വേണ്ടി നടത്തിയ സമരങ്ങളിൽ അടിയേറ്റ് , മുറിവേറ്റ്, മൃതപ്രായരായി കഴിയുന്ന പാവപെട്ട ചെറുപ്പക്കാരന്റെ അത്താഴ കഞ്ഞിക്കിട്ട് ചവിട്ടിയ ഒരു ഭരണമല്ലേ നിങ്ങളുടേതെന്ന് പറയാതിരിക്കാൻ കഴിയില്ല.
വറുതിയും പട്ടിണിയും കൊണ്ട് പൊറുതിമുട്ടി കരകാണാകടലിൽ ജീവൻ പണയം വച്ച് പണിയെടുക്കുന്ന പാവം മത്സ്യ തൊഴിലാളികളുടെ ദുരിതത്തിന് മുകളിൽ ഓഖി കൊടുങ്കാറ്റ് വീശിയടിച്ചപ്പോൾ നിസ്സംഗനായി നിന്നില്ലേ നിങ്ങൾ?
തൊഴിൽ ചെയ്യാൻ ആരോഗ്യമില്ലാതെ ജീവിക്കുന്ന കർഷക തൊഴിലാളി, ഓട്ടം നിലച്ച റാട്ടിന്റെ മുന്നിൽ നിന്ന് വേദനയോടെ കണ്ണീരൊഴുക്കുന്ന കയർ തൊഴിലാളി, മുഖത്തു വേദനയും മുഷിഞ്ഞ മുണ്ടും കറപുരണ്ട കൈകളുമായി ഫാക്ടറികളിൽ തൊഴിലെടുക്കുന്ന കശുവണ്ടി തൊഴിലാളി, വെയിലത്തും മഴയത്തും പാടത്തും പറമ്പിലും കൃഷി ചെയ്ത് ലാഭം കിട്ടാതെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് ജീവിക്കുന്ന പാവം കർഷകർ, ചുമട്ടുതൊഴിലാളികൾ, കൈത്തറിതൊഴിലാളികൾ ഇങ്ങനെ പറഞ്ഞ് പോയാൽ ഒരുപാടൊരുപാട് പേരുടെ ജീവിതങ്ങൾ നിങ്ങൾ നൽകിയ വാഗ്ദാന ലംഘനത്തിന്റെ ജീവിക്കുന്ന സ്മാരക ശിലകളായി ഇവിടെ നിൽക്കുന്നു. ഇന്ന് നിങ്ങൾ നടത്തുന്ന വലിയ വായിലെ വർത്തമാനവും, വീമ്പിളക്കലും കൊണ്ട് പാവപ്പെട്ടവന്റെ കുടിയിലെ തീ പുകയില്ലാ എന്ന ചിന്ത “തൊഴിലാളി വർഗ്ഗത്തിന്റെ പടത്തലവൻ” എന്ന് സ്വയം വിശേഷിപ്പിക്കുന്ന താങ്കൾ ഓർത്താൽ നന്നായിരിക്കും.
പൊതുപ്രവർത്തന രംഗത്തും രാഷ്ട്രീയ രംഗത്തും അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്ത് കൈമുതലായുള്ള താങ്കൾക്ക് കേരളം പോലുള്ള സംസ്ഥാനം ഭരിക്കാൻ എന്തിനാണ് ഇത്രയധികം ഉപദേശകരെന്ന് മനസിലാകുന്നില്ല. ഇതിനു മുൻപ് കേരളം ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരൊന്നും ഇത്തരം ഉപദേശക പ്രമാണിമാരുടെ പ്രാഥമിക വിദ്യാലയത്തിലെ ക്ലാസ്സിൽ ചേർന്നതായോ, പഠിച്ചതായോ അറിയില്ല. ജനങ്ങളെ ഭരിക്കുന്നവർ അവർക്കിടയിൽ നിന്ന് കൊണ്ട് അവരുടെ വികാര- വിചാര ഭാഷകൾ മനസിലാക്കി അവർക്കൊപ്പം നിന്നാൽ മാത്രമേ ജനവികാരം മനസിലാക്കി ജനപക്ഷത്തുനിന്ന് പ്രവർത്തിക്കാൻ കഴിയു. അല്ലാതെ ഉപദേശിക വൈതാളിക പിടിത്തത്തിന്റെ ശരികളെയും വിശ്വാസങ്ങളെയും കണക്കിലെടുത്ത് മുന്നോട്ടുപോകുന്നവർക്കായി കാലം കാത്തുവച്ച വിനയാണ് താങ്കൾ ഇപ്പോൾ നേരിടുന്നത്. ഇതിന്റെ ഉത്തരവാദിത്വം ചുമക്കാൻ പാകമായ തല തേടുന്ന തിരക്കിലാണ് ഉപദേശക താങ്ങൽ സംഘം. അവരുടെ തടങ്കലിലും താങ്ങലിൽ നിന്ന് പ്രവർത്തിക്കുന്ന നിങ്ങൾ നേരിന്റെ വഴിയറിയാതെ മുന്നോട്ടു പോവുകയാണ്.
കഴിഞ്ഞ നാലര വർഷക്കാലത്തെ ഭരണത്തിനിടയിൽ വിവാദങ്ങൾ ഇല്ലാത്ത ഒരു ദിവസം പോലും ഈ സർക്കാരിന് ഉണ്ടായിരുന്നില്ല. മന്ത്രിയുടെ ബന്ധുനിയമനത്തിൽ തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതലക്കാരൻ വരെ പ്രതിപട്ടികയിൽ സ്ഥാനമേതെന്നു തിരഞ്ഞു നിൽക്കുന്ന അവസ്ഥയല്ലേ. വിമർശനങ്ങളെ അപഹസിക്കാനും ,വിമർശകരെ ഭസ്മീകരിക്കാനും താങ്കൾ നടത്തുന്ന തരാംതാണ പദപ്രയോഗങ്ങൾ നമ്മുടെ നാടിനെ നൊമ്പരപെടുത്തുകയാണ്. മരണത്തെ മുഖാമുഖം കാണുന്ന, ഭീതിയുടെ നിഴൽ സമൂഹത്തിൽ കത്തിയിറങ്ങുന്ന ഈ കാലയളവിൽ ഒരു ഉന്മാദിയുടെ മാനസികാവസ്ഥയിലേക്ക് താങ്കൾ എത്തിപെട്ടുവോ? പ്രതിദിനം പുറത്തുവരുന്ന വാർത്തകളിലെ നായകനെയും വില്ലനെയും നിശ്ചയിക്കുന്ന ഒരു സൂത്രധാരകന്റെ വേഷമല്ലേ നിങ്ങൾക്ക്? അതോ എന്റെ ഭരണകാലത്ത് എന്നോടൊപ്പം നിന്നാൽ എന്തും ചെയ്യാമെന്ന് കരുതുന്നവർക്ക് നിങ്ങൾ നൽകുന്ന ഒരു കരുതലായി വേണമോ ഇതിനെ കരുതാൻ….
കെ പി അനിൽ കുമാർ