മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ധവ് താക്കറേ ഒരുങ്ങിയിരുന്നെന്നും അതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത് മഹാവികാസ് അഘാഡി സഖ്യത്തിലെ മുതിര്‍ന്ന നേതാവാണെന്നും റിപ്പോര്‍ട്ട്. വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ശിവസേനാ എംഎല്‍എമാര്‍ കലാപക്കൊടി ഉയര്‍ത്തിയതിനു പിന്നാലെ രണ്ടുവട്ടമാണ് ഉദ്ധവ് രാജിക്കൊരുങ്ങിയത്.
ബിജെപിയെ ഞെട്ടിച്ച് മഹാവികാസ് അഘാഡി സഖ്യം രൂപീകരിക്കാന്‍ നേതൃത്വം നല്കിയ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് ഉദ്ധവിനെ രാജി തീരുമാനത്തില്‍ നിന്ന് രണ്ടു തവണയും പിന്തിരിപ്പിച്ചത് എന്നാണു സൂചന. ശിവസേനയില്‍ കലഹം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പലതവണ പവാര്‍ ഉദ്ധവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏക്നാഥ് ഷിന്‍ഡെയും 21 വിമത എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലേക്ക് പോയ ജൂണ്‍ 21നാണ് ഉദ്ധവ് ആദ്യം രാജിക്കൊരുങ്ങിയത്. അന്ന് വൈകീട്ട് അഞ്ചിന് രാജി പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. കൂടുതല്‍പേര്‍ വിമതക്യാമ്പിലേക്ക് പോകുമെന്ന വിശ്വാസവും ഉദ്ധവിനുണ്ടായിരുന്നു. എന്നാല്‍ രാജി അരുതെന്ന് മഹാവികാസ് അഘാടി സഖ്യത്തിലെ ‘ഏറ്റവും മുതിര്‍ന്ന നേതാവ്’ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നെന്ന് രഹസ്യ വൃത്തങ്ങള്‍ പറഞ്ഞു.
കാര്യങ്ങള്‍ വഷളായതോടെ പിറ്റേന്നും ഉദ്ധവ് രാജിക്കൊരുങ്ങി. വിടവാങ്ങലെന്ന നിലയില്‍ അദ്ദേഹം ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിരുന്നു. ഇതിനിടെ, ഉദ്ധവ് രാജിക്കൊരുങ്ങുന്നുവെന്ന് മനസ്സിലാക്കി പവാര്‍ വീണ്ടും ഇടപെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. പിന്മാറുന്നതിന് പകരം പ്രശ്നത്തെ ശാന്തമായും തന്ത്രപരമായും നേരിടാന്‍ അദ്ദേഹം ഉദ്ധവിനോടു പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, ഉദ്ധവും വിമത എംഎല്‍എ മാരുമായുള്ള പ്രശ്നം കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഉദ്ധവ് താക്കറെയ്ക്ക് എതിരായ നിലപാട് കടുപ്പിച്ച് ശിവസേനയുടെ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവരെ എങ്ങനെയാണ് ബാല്‍ താക്കറെയുടെ പാര്‍ട്ടിക്ക് പിന്തുണയ്ക്കാനാകുകയെന്ന് ഏക്നാഥ് ഷിന്‍ഡെ ചോദിച്ചു. വിമതര്‍ ശിവസേന ബാലാസാഹേബ് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഉദ്ധവ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മറുപടി.


