15ബെംഗളൂരു: പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കോണ്‍ഗ്രസ്. പരാതി നല്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര്‍, കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരാണ് അമിത് ഷാക്കെതിരെ പരാതി നല്‍കിയത്. ബെംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. കര്‍ണാക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റാലിയിലായിരുന്നു അമിത് ഷായുടെ വിദ്വേഷ പരാമര്‍ശം. അദ്ദേഹത്തിന് ഇത് എങ്ങനെ പറയാന്‍ കഴിയുമെന്നും സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. റാലിയിക്കിടയില്‍ പ്രകോപനപരമായ രീതിയില്‍ പ്രസ്താവനകള്‍ നടത്തിയെന്നും ശത്രുതയും വിദ്വേഷവും വളര്‍ത്തിയെന്ന രീതിയില്സംസാരിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്. തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലും വ്യക്തികള്‍ക്കിടയിലും സാമുദായിക വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശമെന്നും പരാതിയില്‍ പറയുന്നു. പരാതിയോടൊപ്പം വിദ്വേശ പ്രസംഗത്തിന്റെ വീഡിയോ ലിങ്കും സമര്‍പ്പിച്ചിട്ടുണ്ട്.