
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ ഇരട്ട വോട്ടര്‍ കാര്‍ഡ് ആരോപണത്തെ നിഷേധിച്ച് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. താന്‍ ജയിച്ചാല്‍ ഡല്‍ഹിയിലെ ജനതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയെ വിദേശ രാജ്യങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്താമെന്ന വാഗ്ദാനം നല്‍കുന്നില്ല. ദേശവിരുദ്ധര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗൗതം ഗംഭീറിനെതിരെ എഎപി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. രണ്ട് മണ്ഡലങ്ങളിലായി ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡിക്കാര്‍ഡ് ഉണ്ടെന്നാണ് ആരോപണം. ഡല്‍ഹിയിലെ കരോള്‍ ബാഗ്, രജീന്ദര്‍ നഗര്‍ എന്നിവിടങ്ങളിലെ വോട്ടറാണ് ഗൗതം ഗംഭീറെന്നും എതിര്‍സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന ട്വിറ്റ് ചെയ്തു. ഗംഭീറിന് വോട്ട് നല്കി ജനങ്ങള്‍ സ്വന്തം വോട്ട് പാഴാക്കരുതെന്നു ആഹ്വാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള കാഴ്ചപ്പാടാണ് തന്നെ സ്വാധീനിച്ചതെന്നാണ് ബിജെപി പ്രവേശനത്തിന് പിന്നാലെ ഗൗതം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപി ഗംഭീറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മെയ് 12 നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.


