തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പൊലീസ് ഉന്നംനോക്കി വെടിവെച്ചതാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. യുപിയിൽ നടന്നുകൊണ്ടിരിക്കുന്നത് ഭീകര വാഴ്ചയാണ്. ചികിത്സകളോ മരിച്ചവർക്കു നഷ്ടപരിഹാരമോ ലഭിക്കുന്നില്ല. എന്നാല്‍, ഇതുകൊണ്ടൊന്നും സമരത്തെ അടിച്ചമർത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലിയില്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന എല്ലാവരോടും കക്ഷി രാഷ്ട്രീയം നോക്കാതെ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമോ എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കണം. ഇക്കര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. 22ന് കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രം കോടതിയിൽ സമർപ്പിക്കുന്ന സത്യവാംഗ്മൂലമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.


