അഡ്മിനിസ്ട്രേറ്ററുടെ ഏകധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ എട്ടുപേരാണ് രാജി വച്ചത്. ദ്വീപിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. എന്‍.സി.പിയും നിലപാട് വ്യക്തമാക്കി.
മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മുത്തുക്കോയ, മുന്‍ ട്രഷറര്‍ ബി. ഷുക്കൂര്‍, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം, മുന്‍ യൂണിറ്റ് പ്രസിഡന്റ് എം.ഐ. മഹമൂദ്, അഗംങ്ങളായ പി.പി. ജംഹര്‍, അന്‍വര്‍ ഹുസൈന്, എന്‍. അഫ്സല്, എന്‍. റമീസ് എന്നിവരാണ് രാജി വച്ചത്. ബി.ജെ.പി പ്രതിനിധി കൂടിയായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഗോഡാ പട്ടേലിന്റെ മനുഷ്യത്വ വിരുദ്ധമായ നയങ്ങള്‍ അംഗീകരിക്കില്ലന്ന് വ്യക്തമാക്കിയാണ് രാജി.
അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ നടക്കുന്നത് കള്ള പ്രചരണമാണെന്നും ദ്വീപിലെ മാറ്റങ്ങള്‍ പ്രധാനമന്ത്രിയുടെ സ്വപ്നമാണെന്നും നേരത്തെ അബ്ദുല്ല കുട്ടി പ്രതികരിച്ചിരുന്നു. ജനവിരുദ്ധ നയങ്ങള്‍ പുനപരിശോധിക്കണമെന്നവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചെന്ന് ലക്ഷദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിമും വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ട രാജി.
അതിനിടെ സമൂഹ മാധ്യമങ്ങളില്‍ സേവ് ലക്ഷദ്വീപ് ക്യംപെയ്ന് നിറഞ്ഞു. കൂടുതല്‍ രാഷ്രീയ നേതാക്കളും സിനിമ താരങ്ങളും ദ്വീപിനൊപ്പം വന്നു. അഡ്മിനിസ്ട്രേറ്ററുടെ ഫേസ്ബുക്ക് പേജിലും പ്രതിഷേധ പെരുമഴയാണ്. എല്ലാ കോലാഹലങ്ങള്‍ക്കിടയിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേല്‍ മൗനത്തിലാണ്.


