കൊച്ചി: പീഡന പരാതിയില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ പാര്‍ട്ടി പരിപാടികള്‍ക്ക് ക്ഷണിച്ച് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ – കുറുപ്പുംപടി ബ്ലോക്ക് കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന തെരുവ് വിചാരണ യാത്രയിലേക്കാണ് എല്‍ദോസിനെ ക്ഷണിച്ചത്. എല്‍ദോസിന്റെ ചിത്രം വെച്ച് പോസ്റ്ററും പുറത്തിറക്കി. ഒരു പരിപാടിയില്‍ മുഖ്യ പ്രഭാഷകനായും മറ്റൊന്നില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുമാണ് പോസ്റ്റര്‍. പ്രാദേശിക നേതൃത്വത്തിന്റേതാണ് നടപടി.
അതേസമയം പോസ്റ്റര്‍ വിവാദമായതോടെ പരിപാടിക്ക് എംഎല്‍എയെ പങ്കെടുപ്പിക്കുന്നത് ഡിസിസി നേതൃത്വം വിലക്കി. പ്രാദേശിക നേതൃത്വത്തിന്റെ അറിവില്ലായ്മ മൂലം സംഭവിച്ചതാണ് പോസ്റ്റര്‍. വിവാദമാക്കേണ്ടതില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഒക്ടോബര്‍ 22നാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ആറുമാസത്തേക്കാണ് സസ്പെന്ഷന്. പീഡന പരാതിയില്‍ എംഎല്‍എ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് നടപടി.


