പ്രവചനങ്ങള്‍ അപ്രസ്ക്തമാക്കി ബിഹാറില്‍ വിവിധ മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടം കാഴ്ചവച്ച് എല്‍ജെപി. 71 നിയമസഭാ മണ്ഡലങ്ങളിലാണ് 28 ന് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. വ്യക്തമായ മുന്‍ തൂക്കം ആദ്യഘട്ട പ്രചാരണത്തില്‍ നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അവസാനഘട്ട പ്രചാരണങ്ങളില്‍ ശക്തമായ തിരിച്ചുവരാവാണ് പ്രതിപക്ഷ സഖ്യം നടത്തുന്നത്.
അതേസമയം, പ്രചരണരംഗത്തെ നിതീഷ് തരംഗം 15-ാം വര്‍ഷവും നിലനിര്‍ത്താന്‍ ജെഡിയുവിന് സാധിക്കുന്നുണ്ട്. പല പിന്നാക്ക സമുദായങ്ങളും നിതീഷ് കുമാറിന് നല്കുന്ന പരസ്യ പിന്തുണ അടിയെഴുക്കായി മാറാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആസ്ഥാനത്ത് അനധികൃതമായി എത്തിയ പണം കണ്ടെത്താനായതാണ് ഇപ്പോഴത്തെ എന്‍ഡിഎയുടെ പ്രചാരണ ആയുധങ്ങളില്‍ പ്രധാനം. രാജ്യദ്രോഹത്തിന് ലഭിച്ച പ്രതിഫലം കൊണ്ട് ആരും ബിഹാറില്‍ ഭരണം സ്വപ്നം കാണേണ്ട എന്ന പ്രചരണം എന്‍ഡിഎ ആരംഭിച്ച് കഴിഞ്ഞു.
ബിഹാര്‍ സര്‍ക്കാരിന്റെ ഭരണപരാജയവും, നിതീഷ് കുമാറിന്റെ ഏകാതിപത്യ പ്രവണതകളും ചര്‍ച്ചയാക്കുന്നതില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചു. ചിരാഗ് പാസ്വാന്റെ എല്‍ജെപി കടുത്ത വെല്ലുവിളിയാണ് ജെഡിയുവിന് അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഉണ്ടാക്കുന്നത്. ബിജെപി പ്രവര്ത്തകരായിരുന്നവരോ അനുഭാവികളോ ആണ് മിക്കയിടത്തും എല്‍ജെപി സ്ഥാനാര്‍ത്ഥികള്‍.
നിതീഷ് കുമാറിന്റെ വികസനവാദങ്ങളില്‍ പൂര്‍ണ തൃപ്തനല്ലെന്നു സഖ്യകക്ഷിനേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി. നിതീഷിന്റെ മന്ത്രിസഭയില്‍ താന്‍ അംഗമാകില്ലെന്നും പഴയ സഹപ്രവര്ത്തകന് കൂടിയായ മാഞ്ചി പറഞ്ഞു. 2014ല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദമൊഴിഞ്ഞപ്പോള് പിന്‍ഗാമിയാക്കിയത് ജിതന്‍ റാം മാഞ്ചിയെയായിരുന്നു. മഹാദലിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. മാഞ്ചി പിന്നീട് നിതീഷിന്റെ നിഴലില്‍ നിന്ന് മാറി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച സെക്യുലര്‍. ആദ്യം ബിജെപിക്കും പിന്നീട് മഹാസഖ്യത്തിനുമൊപ്പം. ഇത്തവണ എന്‍ഡിഎയുടെ ഭാഗമായി ഏഴ് സീറ്റില്‍ മല്‍സരിക്കുന്നു.
26 ന് വൈകിട്ടാണ് ആദ്യഘട്ട പ്രചരണം അവസാനിക്കുക. 1065 സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ഭാവി ബിഹാര്‍ ആദ്യഘട്ടത്തില്‍ തീരുമാനിക്കും.


