കൊച്ചി: പൊലിസ് ലാത്തിചാർജ്ജിൽ എസ്.ഐ കൈ തല്ലിയൊടിച്ച എൽദോ എബ്രഹാം എം എൽ എക്ക് നേരെ സൈബർ അറ്റാക്ക്. സി പി എമ്മിനും യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും നേരെ എം എൽ എ നടത്തിയ പ്രസംഗമാണ് പൊലിസ് അക്രമത്തിന് പിന്നാലെ സൈബർ ആക്രമത്തിലേക്ക് സി പി എം അനുഭാവികളെ കൊണ്ടെത്തിച്ചത്.

സിപിഐ സമരത്തിൽ അതും ഇടത് ഭരണ വിരുദ്ധമായ സമരത്തിൽ എം എൽ എ യുടെ പങ്കാളിത്തം സി പി എം അനുഭാവികളിൽ പരക്കെ പ്രതിഷേധമാണ് ഉയർത്തിയത്. വിദ്യാർത്ഥി – യുവജന പ്രവർത്തകർക്കെതിരെ എം എൽ എ യുടെ പ്രസംഗം കടുപ്പത്തിലായി പോയി എന്നതാണ് പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന്റെ കാരണം. ഇത്തരം പ്രതിഷേധത്തെ മുൻ കൂട്ടി എൽദോ കണ്ടില്ല, അല്ലങ്കിൽ ഇത് മുൻകൂട്ടി കാണാൻ ഒപ്പമുള്ള സൈബർ ആക്റ്റിവിസ്റ്റുകൾക്കായില്ല.

പ്രസംഗത്തിന് പിന്നാലെ എം എൽ എ യെ പൊലിസ് തല്ലിച്ചതച്ചതോടെ സർക്കാർ വിരുദ്ധ പ്രതിഷേധവും കനത്തു. ഇതോടെയാണ് എൽദോക്കെതിരെ സിപിഎം നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ അണികൾ അറ്റാക്ക് തുടങ്ങിയത്. അത് കൊണ്ട് തന്നെ ഇന്നലെ തുടങ്ങിയ സൈബർ അറ്റാക്കിൽ നിന്നും എൽദോക്ക് അത്ര എളുപ്പം പുറത്ത് കടക്കാൻ കഴിയില്ല. സി പി ഐ പാർട്ടി അംഗം എന്ന നിലയിൽ എൽദോ എബ്രഹാമിന്റെ സമര സാനിധ്യത്തിൽ തെറ്റില്ലങ്കിലും ജാഗ്രത കുറവ് തന്നെയാണ് സി പി എം ചൂണ്ടിക്കാട്ടുന്നത്.


