ഇടുക്കി: ശാന്തന്‍പാറ ഓഫീസ് നിര്‍മ്മാണത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ എതിര്‍പ്പറിയിച്ച് സിപിഐഎം രംഗത്തുവന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതിയുടെ ഉത്തരവെന്നും ഉത്തരവിനെ നിയമപരമായി നേരിടുമെന്നും ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് പറഞ്ഞു. കോടതി ഉത്തരവിട്ടിട്ടും ഓഫീസുകളുടെ നിര്‍മ്മാണം തുടരുന്നതിനിടെയാണ് നേതാക്കളുടെ വിശദീകരണം
കോടതി ഉത്തരവോ കലക്ടറുടെ നിര്‍ത്തിവയ്ക്കല്‍ ഉത്തരവോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഭൂ നിയമ ഭേദഗതി വരുന്നതോടെ ഇത്തരം നിര്‍മ്മാണങ്ങള്‍ സാധൂകരിക്കും. റോഡ് വികസനത്തിന് വേണ്ടി പാര്‍ട്ടി ഓഫീസ് പൊളിച്ച് നല്കിയ പാര്‍ട്ടിയാണ് സിപിഎം എന്നും സി വി വര്‍ഗ്ഗീസ് പറഞ്ഞു.
മൂന്നാറിലെ സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്. ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ശാന്തന്‍പാറ ഓഫീസുകളുടെ നിര്‍മ്മാണമാണ് നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചത്. ജില്ലാ കലക്ടര്‍ക്കാണ് ഡിവിഷന് ബഞ്ച് നിര്‍ദേശം നല്‍കിയത്. നിര്‍മ്മാണം തടയാന്‍ ജില്ലാ കലക്ടര്‍ക്ക് പൊലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞിരുന്നു.
പിന്നാലെ ഉത്തരവ് മറികടന്ന് ശാന്തമ്പാറയില്‍ സിപിഐഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണം തുടര്‍ന്നിരുന്നു. നിര്‍മ്മാണം അനധികൃതമല്ലെന്നും നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസ് നവീകരിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സിപിഐഎമ്മിന്റെ വിശദീകരണം.


