വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായി പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യത്തെ താലിബാന്റെ തലവനായിരുന്നുവെന്നും സ്മാരകമുണ്ടാക്കുന്നതും സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വാരിയംകുന്നനെ ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും വാരിയംകുന്നനെയും അവരെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി കോഴിക്കോട് പറഞ്ഞു.
വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നു. സ്മാരകം നിര്‍മ്മിക്കാന്‍ നടക്കുന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇ.എം.എസിന്റെ സ്വാതന്ത്ര്യ സമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണം. ഇ.എം.എസ് പറഞ്ഞത് മുസ്ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇ.എം.എസിന്റെ കുടുംബത്തിന് ഏലംകുളത്തു നിന്നും പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര് തുടങ്ങി 387 രക്തസാക്ഷികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.


