മൂവാറ്റുപുഴ: കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 27ന് മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് ലോങ് മാര്‍ച്ച് നടത്തും. എല്‍ഡിഎഫ് പ്രകടനപത്രിക വാഗ്ദാനം പാലിച്ചു റബറിന് 250 രൂപ തറവില നിശ്ചയിക്കുക, നാളികേരത്തിന്റെ താങ്ങുവില 42 രൂപയായി ഉയര്‍ത്തുക, നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം കാര്യക്ഷമമാക്കുക വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുക, കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിക്കുക, പലിശ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോങ് മാര്‍ച്ച് നടത്തുന്നതെന്ന് ജില്ല പ്രസിഡന്റ് ഷിബു തെക്കുംപുറം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ചെയര്മാന് കെ.എം. ജോര്‍ജിന്റെ തി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മുവാറ്റുപുഴ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 2.30 നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. പാര്‍ട്ടി ചെയര്മാന് പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ലോങ്ങ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം 24,25 തീയതികളില്‍ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വ തായങ്കരിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിളംബര ജാഥ നടത്തും. ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് ജാഥ ഉദ്ഘാടനം ചെയ്യും. സമരത്തിന്റെ തുടര്‍ച്ചയായി ജൂണ്‍ 10ന് റബര്‍ കര്‍ഷക സമര സംഗമം കോതമംഗലത്ത് നടത്തും.ജൂലൈ 3 മുതല്‍ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും 5 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍ഷക രക്ഷായാത്ര സംഘടിപ്പിക്കും
വാര്‍ത്ത സമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കളായ അഡ്വ. ഷൈസണ്‍ മാങ്കുഴ, ടോമി പാലമല , സി.കെ. സത്യന്, സോജന് പിട്ടാപ്പിള്ളി, , വിനോദ് തെക്കേക്കര , ജേക്കബ് ഇര മംഗലത്ത് എന്നിവര്‍ പങ്കെടുത്തു.