രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. മാസ്ക് കൃത്യമായി ധരിക്കണം, മുന്‍കരുതല്‍ എടുക്കാത്തവര്‍ വാക്സിന് സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പുതിയ വകഭേദങ്ങള്‍ കണ്ടെത്താന്‍ ജനിതക ശ്രേണീകരണം നടത്തും. സംസ്ഥാനത്തിന് പുറത്ത് നിന്നു വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നമുണ്ടായാല്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.
ആഘോഷങ്ങള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ ആളുകള്‍ വ്യക്തിപരമായ ജാഗ്രത പുലര്‍ത്തണം. പ്രായം കൂടിയവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. അവധിക്കാല യാത്രകളില്‍ ജാഗ്രത വേണം. പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്നിരുന്നു. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


