കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ തയ്യാറായി. കൃഷി, നിയമമന്ത്രാലയം എന്നിവ ചേര്‍ന്നാണ് കരട് റിപ്പീല്‍ ബില്‍ തയ്യാറാക്കിയത്. കരട് ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ബില്‍ ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കും.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുന്ന നടപടികളില്‍ ഏറ്റവും പ്രധാനമാണ് റിപ്പീല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കാരണങ്ങള്‍ സഹിതം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് ബില്ലുകളും ഒരുമിച്ചാകും പിന്‍വലിക്കുക. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുമ്പോള്‍ ആദ്യദിവസം ആദ്യബില്‍ ആയി തന്നെ അവതരിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
അതിനിടെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഇന്ന് കര്‍ഷക മഹാപഞ്ചായത്ത് ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ രാകേഷ് ടികായത് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
മിനിമം താങ്ങുവില ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സംയുക്ത കിസാന്‍ മോര്‍ച്ച കത്തയച്ചു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും മറ്റ് ആവശ്യങ്ങളില്‍ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു.
താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കണം, സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് സഹായധനം നല്‍കണം, കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, നിര്‍ദിഷ്ട വൈദ്യുതി ദേതഗതി ബില്‍ പിന്‍വലിക്കുക കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നത്തെ കര്‍ഷക മഹാ പഞ്ചായത്ത്.
രാവിലെ 11 മണിയ്ക്ക് ചേരുന്ന യോഗത്തില്‍ രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സമരമാണ് ലഖ്നൗവിലെ കര്‍ഷക മഹാ പഞ്ചായത്ത്.


