യുഡിഎഫ് രാഷ്ട്രീയം പ്രതിസന്ധി നിറഞ്ഞ കാലത്ത് കൂടി കടന്ന് പോകുമ്പോഴാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. ഹൈക്കമാന്റിനും കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ പ്രതികരണത്തില്‍ വിഡി സതീശന്. കെ കരുണാകരന് എകെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്മാര് ഇരുന്ന കസേരയാണ്. സ്ഥാനലബ്ധി വിസ്മയിപ്പിക്കുന്നു.
യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തിരിച്ചുകൊണ്ടുവരുമെന്ന് വി.ഡി.സതീശന്. ഇത് പുഷ്പകിരീടമല്ല. ഇനി കഠിനാധ്വാനത്തിന്റെ നാളുകള്‍, കാലത്തിനനുസരിച്ച് രീതികള്‍ മാറ്റുമെന്ന് സതീശന്. സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ല, മഹാമാരിയുടെ കാലത്ത് സര്‍ക്കാരിനൊപ്പമുണ്ടാകും. നല്ലതിനെ പിന്തുണയ്ക്കും തെറ്റുകളെ നിയമസഭയില്‍ ചൂണ്ടിക്കാണിക്കും. പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രശ്നമല്ല, എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും പിന്തുണവേണമെന്നും വിഡി സതീശന് പറഞ്ഞു.
കൊവിഡ് കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. കൊവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും ഇനി കേരളത്തില്‍ ഉണ്ടാകുകയെന്നും വിഡി സതീശന് പറഞ്ഞു. സര്‍ക്കാരിനെ എതിര്‍ക്കേണ്ടിടത്തെല്ലാം എതിര്‍ക്കും, അതിന് നിയമസഭക്ക് അകത്തേയും പുറത്തേയും എല്ലാ അവസരവും ഉപയോഗിക്കുമെന്നും വിഡി സതീശന് പറഞ്ഞു.
കേണ്‍ഗ്രസിലെ തലമുറ മാറ്റം എന്നാല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നിര്‍ദ്ദേശം അവഗണിച്ചു പോകുക എന്നല്ല. ക്രിയതമാക്മായ പ്രതിപക്ഷം വേണം എന്ന് സിപിഎം പോലും ആഗ്രഹിക്കുന്നു. ഏകാധിപത്യത്തിലേക്ക് വച്ചിരിക്കുന്ന ഏണികള്‍ മറിച്ചിടും. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് ഒറ്റക്കെട്ടായി പോകുക എന്നാണ്. ഗ്രൂപ്പ് അതിപ്രസരം പ്രവര്‍ത്തനത്തെ ബാധിക്കരുത് എന്നും വിഡി സതീശന് പറഞ്ഞു.
അതേസമയം, ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്ത് പുതിയ ചുമതല ഏല്‍പ്പിച്ച സോണിയാ ഗാന്ധിയോടും രാഹല്‍ ഗാന്ധിയോടും നന്ദി പറയുന്നെന്നും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തിരിച്ചുകൊണ്ടുവരുമെന്നും വി.ഡി.സതീശന് പറഞ്ഞു.


