ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് അപ്രതീക്ഷിത വാര്‍ത്തസമ്മേളനം നടത്തി ഐഎന്‍എക്സ് മീഡിയ കേസില്‍ നിയമനടപടികള്‍ നേരിടുന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, ഗുലാം നബി ആസാദ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയത്. എഴുതി തയാറാക്കിയ പ്രസ്താവന മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വായിച്ചതിനു ശേഷം ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ പി.ചിദംബരം മടങ്ങുകയായിരുന്നു.
കേസില്‍ ഇതുവരെ സിബിഐ കുറ്റപത്രം നല്‍കിയിട്ടില്ല. താനൊരു കുറ്റവും ചെയ്തിട്ടില്ല. പ്രചരിക്കുന്നത് കള്ളങ്ങളാണ്. ഒളിച്ചോടുകയായിരുന്നില്ല, താന്‍ ഒളിവിലുമായിരുന്നില്ലെന്നും എഴുതി തയാറാകാത്ത പ്രസ്താവനയിലൂടെ ചിദംബരം വ്യക്തമാക്കിയത്. ജനാധിപത്യത്തിന്റെ അടിസ്ഥാനം സ്വാതന്ത്ര്യമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ല്‍ ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുന്നതാണ്. ജീവനാണോ, സ്വാതന്ത്ര്യമാണോ എന്നത് തന്നോട് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ സ്വാതന്ത്ര്യം തിരഞ്ഞെടുക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുപാട് കാര്യങ്ങളാണ് മാറിമറിഞ്ഞത്. കോടതിയില്‍ നിന്നുണ്ടാകുന്ന ഏത് തീരുമാനവും തലയുയര്‍ത്തി തന്നെ താന്‍ ഏറ്റെടുക്കുമെന്നും ചിദംബരം വ്യക്തമാക്കി. വെള്ളിയാഴ്ച വരെ സ്വാതന്ത്യത്തിന്റെ ദീപം ജ്വലിക്കുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. കപില്‍ സിബലിനൊപ്പം ചിദംബരം മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ സംഘം എഐസിസി ആസ്ഥാനത്ത് എത്തിയത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തവര്‍ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധവുമായി എത്തി. അത്യന്തം നാടകീയമായ രംഗങ്ങളാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് അരങ്ങേറുന്നത്.


