ന്യൂഡല്‍ഹി: സി.ബി.ഐ സംഘം പി. ചിദംബരത്തിന്റെ ജോര്‍ബാഗിലെ വസതിയിലെത്തി. ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്തെ നാടകീയ വാര്ത്തസമ്മേളനത്തിന് ശേഷം ചിദംബരം വസതിയിലേക്ക് മടങ്ങിയിരുന്നു. മതില് ചാടിക്കടന്നാണ് സി.ബി.ഐ സംഘം വീട്ടുവളപ്പില്‍ പ്രവേശിച്ചത്. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.
ഒളിവിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ എ.ഐ.സി.സി ആസ്ഥാനത്ത് ചിദംബരം അപ്രതീക്ഷിത വാര്‍ത്തസമ്മേളനം നടത്തിയിരുന്നു. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും നിയമത്തിന്റെ പരിരക്ഷയിലാണെന്നും ചിദംബരം പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ എഴുതിത്തയ്യാറാക്കിയ കുറിപ്പ് ചിദംബരം വായിച്ചു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത്. തനിക്ക് നിയമപരമായ പരിരക്ഷയുണ്ട്. നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ സി.ബി.ഐ വെള്ളിയാഴ്ച വരെ കാത്തിരിക്കണമെന്നും ചിദംബരം പറഞ്ഞു.
ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പി. ചിദംബരം നല്കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഏത് സമയവും അറസ്റ്റ് ഉണ്ടാവുമെന്ന സാഹചര്യത്തില്‍ ചിദംബരം ഒളിവില്‍ പോയതായും അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്തസമ്മേളനം നടത്തിയത്.


