പരീക്ഷ ജയിക്കാത്തവര്‍ ബിരുദം നേടിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവണ്മെന്റ് ആയുര്‍വേദ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ആയുര്‍ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഗൌണ്‍ ധരിച്ച് പ്രതിജ്ഞ ചൊല്ലിയ ഏഴ് പേര് പരീക്ഷ പാസായിട്ടില്ലെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോളേജില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സര്‍വ്വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ ഉള്‍പ്പടെ ഉള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടി നടത്തിയത് തങ്ങള്‍ അല്ലെന്നാണ് കോളേജിന്റെ ഭാഗത്ത് നിന്നുള്ള വാദം.


