ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന് എതിരെ നീക്കവുമായി കേരള സര്‍വ്വകലാശാല. വിസി നിയമനത്തില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന സര്‍വകലാശാലയുടെ വിലയിരുത്തലിലാണ് നീക്കം. ഇന്ന് ചേരുന്ന സെനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും എന്നാണ് സൂചന. സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിക്കുന്നത് ഗവര്‍ണറുടെയും സര്‍വ്വകലാശാലയുടെയും യുജിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ്.
എന്നാല്‍ ചാന്‍സലറുടെ പ്രതിനിധിയെയും യുജിസി പ്രതിനിധിയെയും മാത്രം ഉള്‍പ്പെടുത്തിയാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. സര്‍വ്വകലാശാല നോമിനിയെ സമയത്ത് നല്‍കാത്തതിനാലായിരുന്നു നീക്കം. പിന്നീട് തീരുമാനിക്കുന്നത് പ്രകാരം സര്‍വ്വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താമെന്ന് രാജ്ഭവന് അറിയിച്ചു.
എന്നാല്‍ സര്‍വകലാശാലയുടെ പ്രതിനിധി ഇല്ലാതെ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് നീക്കത്തിന് പിന്നിലെ കാരണം. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും സര്‍വ്വകലാശാലയുടെ ആലോചനയിലുണ്ട്.
ഗവര്‍ണറുടെ നോമിനിയായ കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജിയും യുജിസിയുടെ നോമിനിയായ കര്‍ണ്ണാടകയിലെ കേന്ദ്ര സര്‍വ്വകലാശാല വി സി പ്രൊഫസര്‍ ബട്ടു സത്യനാരായണയും മാത്രമാണ് കമ്മിറ്റിയിലുള്ളത്. സര്‍വ്വകലാശാല നോമിനിയായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി കെ രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സ്വയം ഒഴിവായിരുന്നു.
വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താനുളള ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു നടപടി.


