ന്യു യോര്‍ക്ക്: കാരുണ്യത്തിന്റെ പര്യായവും കൈതാങ്ങുമായിരുന്നു അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കാസ് (ഫോമ) ഭാരവാഹികള്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്കൊപ്പവും ഫോമാ എന്ന സംഘടനയ്ക്കൊപ്പവും എക്കാലവും ചേര്‍ന്നുനിന്ന നേതാവായിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതൊരാള്‍ക്കും ആശ്രയമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും ഫോമാ ഭാരവാഹികള്‍ പറഞ്ഞു. അദ്ധേഹത്തിന്റെ നിര്യാണത്തില്‍ ഫോമ യോഗം അനുശോചനം രേഖപ്പെടുത്തി.
ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്,ജോയിന്റ് സെക്രട്ടറി ഡോ.ജെയ്മോള്‍ ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു.
ഓര്‍മ്മകളില്‍ ഉമ്മന്‍ ചാണ്ടി: ഡോ.ജേക്കബ് തോമസ്
ഓരോ കൂടിക്കാഴ്ചയിലും ഹൃദയത്തിന്റെ താളുകളില്‍ സൂക്ഷിക്കാന്‍ സുഖകരമായ ഓര്‍മ്മ സമ്മാനിക്കുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് പറഞ്ഞു. 2015 ല്‍ ഞാന്‍ ഫോമായുടെ കേരള കണ്വന്ഷന് ചെയര്‍ ആയിരിക്കെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. അപ്രതീക്ഷിതമായി മുന്‍ പ്രസിഡന്റ് എ.പി.ജെ.അബ്ദുല്‍ കലാം അന്തരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചു. എല്ലാ പരിപാടികളും റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവും വന്നു. എന്തുചെയ്യണമെന്ന് അറിയാതെ നിന്ന നിമിഷങ്ങള്‍!
അന്തരിച്ച പ്രസിഡന്റിനോടുള്ള ആദരസൂചകമായി ഒരു ഒത്തുചേരല്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. മെമ്മോറിയളില് പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കോ മറ്റു മന്ത്രിമാര്‍ക്കോ യാതൊരു തടസ്സവുമില്ല. ഈ വിവരം ധരിപ്പിക്കാനും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും ഉമ്മന്‍ ചാണ്ടിയെ നേരില്‍ പോയിക്കണ്ടു. ആരുടെ ബുദ്ധിയിലാണ് ഇങ്ങനൊരു ആശയം ഉദിച്ചതെന്ന് ചെറു പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു. എന്റെ ചുണ്ടിലും നേര്‍ത്ത ചിരി പടര്‍ന്നു.
രാഷ്ട്രീയ രംഗത്തെ തന്ത്രശാലിയായ നേതാവ് അത് കണ്ടുപിടിച്ചതില്‍ അത്ഭുതപ്പെടാനില്ല. പ്രതിസന്ധികളെ വിവേകപൂര്‍വം മറികടക്കുന്നത് എങ്ങനെയെന്ന് മലയാളികള്‍ക്ക് കണ്ടുപഠിക്കാന്‍ അദ്ദേഹത്തോളം നല്ലൊരു മാതൃകയുണ്ടോ എന്നുപോലും സംശയമാണ്. അദ്ധേഹത്തിന്റെ വേര്‍പാടില്‍ എല്ലാ മലയാളികള്‍ക്കുമൊപ്പം ഫോമയും അനുശോചിക്കുന്നു.