പുന്നപ്ര- വയലാര്‍ സ്മാരകങ്ങളില്‍ പുഷ്പചക്രം അര്‍പ്പിച്ച് സത്യപ്രതിജ്ഞയ്ക്കൊരുങ്ങി പിണറായി വിജയനും നിയുക്ത മന്ത്രിമാരും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിസഭയിലെ 21 അംഗങ്ങളും മഹാമാരിക്കിടെ, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമരഭൂമിയില്‍ ആദരമര്‍പ്പിക്കാനെത്തി.
മന്ത്രിമാര്‍ക്കൊപ്പം ആലപ്പുഴ എംപി എ.എം ആരിഫും ആലപ്പുഴയിലെ പാര്‍ട്ടി നേതാക്കളും ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സത്യപ്രതിജ്ഞാ ദിവസം വലിയ ജനപ്രവാഹം ഉണ്ടായിരുന്നിടത്താണ് ഇത്തവണ ആള്‍ക്കൂട്ടമില്ലാതെ, എന്നാല്‍ ആവേശത്തോടെ രക്തസാക്ഷികളുടെ സമരഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
നിയുക്ത സ്പീക്കര്‍ എം.ബി രാജേഷ്, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് എന്നിവരും എത്തി. രണ്ടാമൂഴത്തില്‍ തുടര്‍ ഭരണം നേടിയ പിണറായി സര്‍ക്കാര്‍ വൈകിട്ട് മൂന്നരയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം വെര്‍ച്വല്‍ ആയി പങ്കെടുക്കും. 24ന് നിയമസഭ ചേരും. നിയുക്ത മന്ത്രിമാര്‍, എംഎല്‍എമാര്‍, ജഡ്ജിമാര്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍ ക്ഷണമുള്ളത്.


