തിരുവനന്തപുരം: സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ഇത്തവണയും സീറ്റുറപ്പിച്ച് പ്രവര്‍ത്തനത്തിനൊരുങ്ങുകയാണ് സിറ്റിംഗ് എം.പി കൊടിക്കുന്നില്‍ സുരേഷ്. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നിലിന്റെ ജനകീയത വോട്ടാക്കി മണ്ഡലം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. അതേസമയം കേരള കോണ്‍ഗ്രസ് ബിയുടെ മുന്നണി പ്രവേശനം മാവേലിക്കരയില്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

സംവരണ മണ്ഡലമായതിനുശേഷം നടന്ന 2 തെരഞ്ഞെടുപ്പുകളിലും മാവേലിക്കരയില്‍ ജയിച്ചുകയറിയത് കൊടിക്കുന്നില്‍ സുരേഷാണ്. എം.പിയെന്ന നിലയിലും കേന്ദ്രമന്ത്രിയെന്ന നിലയിലുമൊക്കെ മികച്ച പ്രവര്‍ത്തനം നടത്താനായെന്നാണ് കൊടിക്കുന്നിലിനെക്കുറിച്ചുള്ള പാര്‍ട്ടി വിലയിരുത്തല്‍. ഇത്തവണയും മണ്ഡലത്തില്‍ കൊടിക്കുന്നില്‍ തന്നെ സ്ഥാനാര്‍ത്ഥിയാകട്ടെയെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതുകൊണ്ടുതന്നെ മറ്റൊരു സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചനയേയില്ല.
അതേസമയം, കേരള കോണ്‍ഗ്രസ് ബിയുടെ മുന്നണി പ്രവേശനം കൊടിക്കുന്നിലിന് മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. മാവേലിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പത്തനാപുരത്തും കൊട്ടാരക്കരയിലും കേരള കോണ്‍ഗ്രസ് ബിയ്ക്ക് നിര്‍ണായകമായ സ്വാധീനമുണ്ട്. മാവേലിക്കരയില്‍ ഇടതുസ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊടിക്കുന്നിലിന്റെ വിജയത്തിന് കേരള കോണ്‍ഗ്രസ് ബി തടസ്സമാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.


