ഇസ്ലാമാബാദ്: പാക് മുന്‍ പ്രസിഡന്റ് പര്‍വേഷ് മുഷാറഫിന്റെ വധശിക്ഷ സംബന്ധിച്ച കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. വധശിക്ഷ നടപ്പാക്കും മുമ്ബ് മുഷറഫ് മരണപ്പെട്ടാല്‍ മൃതദേഹം വലിച്ചിഴയ്ക്കണം. മൃതദേഹം ഇസ്ലാമാബാദിലെ ഡിചൗക്കില് മൂന്നു ദിവസം കെട്ടിത്തൂക്കണമെന്നും പാക് പ്രത്യേക കോടതിയുടെ 167 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.
ചൊവ്വാഴ്ചയാണ് രാജ്യദ്രോഹക്കേസില്‍ മുഷാറഫിനു വധശിക്ഷ വിധിച്ചത്. 2007ല്‍ രാജ്യത്തിന്റെ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണു ശിക്ഷ. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് വാഖാര്‍ അഹമ്മദ് സേത്ത് തലവനായ മൂന്നംഗ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്.
2007 നവംബര്‍ മൂന്നിനായിരുന്നു മുഷാറഫ് പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2013ല്‍ ഡിസംബറില്‍ മുഷാറഫിനെതിരേ കേസെടുത്തു. 2014 മാര്‍ച്ച് 31നു മുഷാറഫ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചിരുന്നു. ഇതിനിടെ 2016ല്‍ ചികിത്സയ്ക്കായി ദുബായിലേക്കു പോയ മുഷാറഫ് തിരിച്ചെത്തിയിട്ടില്ല.


