മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന്. മുഖ്യമന്ത്രിയും സിപിഎമ്മുമായുള്ള പോര് കടുപ്പിക്കാന്‍ അസാധാരണ നീക്കമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്നത്. രാവിലെ 11.45 നാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം. ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിലെ ഗൂഡോലചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തു വിടാനാണ് രാജ്ഭവനിലെ അസാധാരണ വാര്‍ത്താ സമ്മേളനം.
കണ്ണൂരില്‍ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ എന്തെങ്കിലും തെളിവുകളോ രേഖകളോ ഗവര്‍ണര്‍ പുറത്തു വിടുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഗൂഢാലോചനയുടെ ഫലമാണ് സര്‍വകലാശാലയില്‍ നടന്നത്. അതിന്റെ വാസ്തവം കണ്ടുപിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിടുകയാണ്. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഞായറാഴ്ച ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു.
മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തു വിടാനാണ് വാര്‍ത്ത സമ്മേളനം എന്നാണ് രാജ്ഭവന്റെ തന്നെ ഔദ്യോഗിക അറിയിപ്പ്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന അക്രമത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്.
എന്തൊക്കെയാകും ദൃശ്യങ്ങളില്‍ എന്നാണ് ആകാംക്ഷ. ചാന്‍സലര്‍ പദവി ഒഴിയാമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ തുടരാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തു വിടുമെന്നാണ് അറിയിപ്പ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപടെലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്കി മുഖ്യമന്ത്രി അയച്ച കത്തില്‍ എന്തൊക്കെ കൂടുതല്‍ കാര്യങ്ങളുണ്ടാകുമെന്നാണ് അടുത്ത ആകാംക്ഷ. അതിനുമപ്പുറം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് പറയുന്ന ആനുകൂല്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുമോ എന്നുള്ളതും കേരളം ഉറ്റുനോക്കുകയാണ്.
രണ്ടും കല്‍പ്പിച്ച് നീങ്ങാന്‍ തന്നെയാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് ഉറപ്പിക്കുമ്പോഴും സര്‍ക്കാരും സിപിഎം നേതൃത്വവും ഇതിനെ കാര്യമാക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവും ഗവര്‍ണറുടെ പക്കലില്ലെന്നാണ് നേതാക്കളുടെ വിശദീകരണം. കെ കെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ നേരത്തെ തുറന്നടിച്ചിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഗവര്‍ണറെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു.


