കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുങ്ങുന്നത് പ്രത്യേക കബറിടം. പള്ളിയുടെ അങ്കണത്തില്‍ വൈദികരുടെ കബറിടത്തോട് ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിക്കും കബറിടം ഒരുങ്ങുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പുതുപ്പള്ളിക്കും പള്ളിക്കും നല്കിയ സേവനങ്ങളോടുള്ള ആദര സൂചകമായിട്ടാണ് പ്രത്യേക കബര്‍ പണിയുവാന്‍ പള്ളി അധികാരികള്‍ തീരുമാനിച്ചത്.
പുതുപ്പള്ളിയും പുതുപ്പള്ളി നിവാസികളും എത്രമേല്‍ ഉമ്മന്‍ ചാണ്ടിക്ക് പ്രിയപ്പെട്ടതായിരുന്നോ അത്രമേല്‍ തന്നെ പ്രിയപ്പെട്ടതാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയും. സ്ഥലത്തുണ്ടെങ്കില്‍ ഞായറാഴ്ച ദിവസങ്ങളിലെ പുതുപ്പള്ളി പള്ളിയിലെ കുര്‍ബാന ഉമ്മന്‍ചാണ്ടി മുടക്കിയിരുന്നില്ല. പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ അത്രമേല്‍ ആത്മബന്ധം ആയിരുന്നു ഉണ്ടായിരുന്നത്.
പള്ളിയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും നിറസാന്നിധ്യമായിരുന്നു ഉമ്മന്‍ ചാണ്ടി. പള്ളിയിലെ എല്ലാ ഇടവക അംഗങ്ങളുമായി അദ്ദേഹത്തിന് പ്രത്യേക ആത്മബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് പുതുപ്പള്ളിക്കും അതുപോലെതന്നെ പുതുപ്പള്ളി പള്ളിക്കും ഒരു തീരാനഷ്ടമാണെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോട് ഉള്ള ആദരസൂചകമായിട്ടാണ് പുതുപ്പള്ളി പള്ളി അദ്ദേഹത്തിന് പ്രത്യേകം കബറിടം ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കരോട്ട് വള്ളക്കാലില്‍ കുടംബ കല്ലറ നിലനില്‍ക്കെയാണ് ആദരസൂചകമായി പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്.