പാലക്കാട്: തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 6.2 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ ഷബീറാ(26)ണ് അറസ്റ്റിലായത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നു കെട്ടുകളായി തുണിയില്‍ പൊതിഞ്ഞ് ബാഗിലാക്കി കടത്തിയ കഞ്ചാവ് പിടികൂടിയത്. വിപണയില്‍ ആറുലക്ഷം രൂപ വിലവരും.
കെഎസ്യു മുന്‍ ചെറുപുഴ ബ്ലോക്ക് പ്രസിഡന്റും നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുമാണ് ഷബീര്‍. കണ്ണൂര്‍ ജില്ലയിലെ സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായാണ് കഞ്ചാവ് കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിലെ തുണി എന്ന സ്ഥലത്തുനിന്ന് ധന്‍ബാദ് എക്സ്പ്രസില്‍ കോയമ്പത്തൂരില്‍ എത്തിച്ച് കണ്ണൂര്‍ പാസഞ്ചറില്‍ കടത്തുന്നതിനിടെയാണ് പിടിയിലായത്. അഞ്ച് ഗ്രാമിന് 500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നതെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധം വെച്ച് പുലര്‍ത്തുന്നയാളാണ് ഷബീര്‍. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്, വി സവിന്‍, പി ബി പ്രദീപ്, പാലക്കാട് എക്സൈസ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി വി സതീഷ്, ഇന്‍സ്പെക്ടര്‍ സഞ്ജീവ് കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഷൗക്കത്തലി എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.


