മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സഖ്യധാരണയായി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫട്നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും 50-50 സീറ്റുകളിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ബി.ജെ.പിയെ തുറന്നെതിര്‍ക്കുകയും ചെയ്യുമെന്ന് പ്രസ്താവിച്ചിരുന്ന ശിവസേന ഒടുവില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രത്തില്‍ വീഴുകയായിരുന്നു.
‘ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരേ പ്രത്യയശാസ്ത്രത്തിലാണ് രണ്ടു പാര്‍ട്ടികളും വിശ്വസിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി ഒന്നിച്ചുനില്‍ക്കുമെന്നും’ ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.


