ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അദ്ദേഹം. ഇന്ന് നാം പോരാടുന്ന മൂല്യങ്ങളോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയ, ജീവിതം സേവനത്തിനായി സമര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക ട്വിറ്ററില്‍.കുറിച്ചു.
വി.ഡി.സതീശന്
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജനകീയതയുടെ പര്യായമാണ് ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
എംവി ഗോവിന്ദന് മാസ്റ്റര്‍
കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖമായ രാഷ്ട്രീയ നേതൃത്വമായി ഉയര്‍ന്നുവന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാസ്റ്റര്‍ അനുസ്മരിച്ചു. ഉമ്മന്‍ ചാണ്ടി നമ്മളെ വിട്ടുപിരിഞ്ഞിരിക്കുകയാണ്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദവും ഹൃദയപൂര്‍വ്വമായ പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും അംഗീകാരം പിടിച്ചുപറ്റിയ രാഷ്ട്രീയ നേതൃത്വമായിരുന്നു ഉമ്മന്‍ ചാണ്ടി.
മുഖ്യമന്ത്രിയായാലും പ്രതിപക്ഷ നേതാവായാലും മന്ത്രിയെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലുമെല്ലാം ജനങ്ങളോടൊപ്പം അണിചേര്‍ന്ന് പ്രവര്‍ത്തിച്ച ജനകീയനായ ഏറ്റവും പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. ഒരു കാലഘട്ടം മുഴുവന്‍ കേരളത്തിലെ രാഷ്ട്രീയ രം?ഗത്ത് നിറഞ്ഞു നിന്നു. സ്ഥിരോത്സാഹിയായ രാഷ്ട്രീയ നേതാവായിരുന്നു. ഒരേ മണ്ഡലത്തില്‍ തന്നെ സ്ഥിരമായി ജനപ്രതിനിധിയാകുക. അവരുടെ സ്നേഹം നേടിയെടുക്കുക. ഏത് സങ്കീര്‍ണതയുടെ മുന്നിലും പതറാതെ സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോ?ഗം കേരള രാഷ്ട്രീയത്തിന് തന്നെ വലിയ നഷ്ടമാണെന്നും ഗോവിന്ദന് മാസ്റ്റര്‍
മന്ത്രി സജി ചെറിയാന്.
വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മന്ത്രി സജി ചെറിയാന്. ജനാധിപത്യത്തിലെ ഏറ്റവും പ്രധാന ഘടകമായ സഹിഷ്ണുത എക്കാലത്തും അദ്ദേഹം പുലര്‍ത്തി. എതിരാളികളാണെങ്കിലും അല്ലെങ്കിലും എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് ഉമ്മന്‍ ചാണ്ടി ഇടപെട്ടത്. ചെങ്ങന്നൂരിന്റെ മകനായിരുന്നു ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി കഴിഞ്ഞാല്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് ചെങ്ങന്നൂരിനെയാണ്.
ജീവകാരുണ്യ രംഗത്ത് മാതൃകയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും സജി ചെറിയാന് പറഞ്ഞു. ജനകീയനേതാവ് എന്ന വിശേഷണം അതിശയോക്തിയില്ലാതെ ചാര്‍ത്താവുന്ന പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും സജി ചെറിയാന് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
വി എം സുധീരന്.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് പുതിയമുഖം നല്കിയ വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. ക്രിയാത്മകമായ കര്‍മ്മ പദ്ധതികളിലേക്ക് വിദ്യാര്‍ത്ഥികളെ അദ്ദേഹം നയിച്ചുവെന്നും വി എം സുധീരന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എം എന്‍ ഗോവിന്ദന് നായര്‍ സംസ്ഥാന കൃഷിമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പിന്തുണയോടുകൂടി ഓണത്തിനൊരു മുറം നെല്ല് എന്ന ഉമ്മന്‍ ചാണ്ടി ആവിഷ്കരിച്ച കര്‍മ്മ പദ്ധതി വന്‍ വിജയമായിരുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അതേറ്റെടുത്തു. ഇന്നും അനുകരണീയമായ ഒരു കര്‍മ്മ പദ്ധതിയായിട്ടാണ് അതിനെ കാണുന്നതെന്നും സുധീരന് പറഞ്ഞു.
തന്നെ തിരഞ്ഞെടുത്ത ജനങ്ങളുടെ സുഖ ദുഃഖങ്ങളില്‍ ഉമ്മന്‍ ചാണ്ടി പങ്കാളിയായി. സഹപ്രവര്‍ത്തകരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടു. എംഎല്‍എ എന്ന നിലയിലുള്ള അതേ ശൈലി തന്നെയായിരുന്നു മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം തുടര്‍ന്നത്. അതൊരു രാഷ്ട്രീയ നേട്ടത്തിനുള്ള ശൈലിയായിരുന്നില്ല. സാധാരണക്കാരന്റെ ആശ്രയമായിരുന്നു ഉമ്മന്‍ ചാണ്ടി. മനുഷ്യത്വമാണ് അദ്ദേഹത്തെ നയിച്ചത്.
രമേശ് ചെന്നിത്തല.
ദീര്‍ഘമായ ഒരു പൊതു ജീവിതത്തില്‍ ആരെയും വേദനിപ്പിക്കാതിരിക്കാനും എല്ലാവരോടും നീതി പുലര്‍ത്താനും ശ്രമിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് രമേശ് ചെന്നിത്തല. ഒരു പക്ഷേ കേരളത്തിന് പൂര്‍ണ്ണമായി ഉമ്മന്‍ചാണ്ടിയെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. എന്നും ആര്‍ദ്രത നിറഞ്ഞ മനസ്സായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. പ്രയാസം അനുഭവിക്കുന്ന ഏതൊരു വ്യക്തിക്കും എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. അതാണ് മറ്റുള്ളവരില്‍ നിന്നും ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ വ്യത്യസ്തനാക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ ഓര്‍മിച്ചു കൊണ്ട് രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരിയായി ഒരു മനുഷ്യ സ്നേഹി എന്ന നിലയില്‍ നമുക്ക് അദ്ദേഹത്തെ വിലയിരുത്താനാവും. ദീര്‍ഘമായ ഒരു പൊതു ജീവിതത്തില്‍ ആരെയും വേദനിപ്പാക്കാതിരിക്കാന് അദ്ദേഹം പരമാവധി ശ്രമിച്ചു. എല്ലാവരോടും നീതി പുലര്‍ത്താന്‍ ശ്രമിച്ചു.
കെ മുരളീധരന്.
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും നികത്താനാവാത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കെ കരുണാകരന്റെ വിടവാങ്ങല്‍ ഒരു പരിധിവരെ നികത്തിയത് ഉമ്മന്‍ ചാണ്ടിയാണെന്നും ജനപക്ഷത്ത് നിന്നായിരുന്നു അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെന്നും കെ മുരളീധരന് പറഞ്ഞു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനം ഉമ്മന്‍ ചാണ്ടി കാഴ്ചവച്ചു. പലപ്പോഴും തമ്മില്‍ എറ്റുമുട്ടലുകള്‍ ഉണ്ടായെങ്കിലും അവസാന നാളുകളില്‍ സൗഹൃര്ദത്തിലായിരുന്നുവെന്നും കെ മുരളീധരന് പറഞ്ഞു. വടകരയിലും നേമത്തും മത്സരിച്ചത് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ബെന്നി ബഹനാന്
ഉമ്മന്‍ചാണ്ടിയ്ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് ബെന്നി ബഹനാന് എംപി. തന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹമെന്ന് ബെന്നി ബഹനാന് പറഞ്ഞു. വര്ഷങ്ങളോളമുള്ള ബന്ധത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് അളക്കാന്‍ തനിക്കോ ഉമ്മന്‍ ചാണ്ടിക്കോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി മരിച്ചുവെന്ന് എത്രയായിട്ടും മനസിന് ഉള്‍ക്കൊള്ളാനാകുന്നില്ല. അദ്ദേഹത്തിന്റെ ശരീര ഭാഷ ഏറ്റവും കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ള ആളാണ് താന്‍. ഉമ്മന്‍ ചാണ്ടിയില്ലാത്ത ഒരു കേരളീയ പൊതു സമൂഹം ആ വിടവ് നികത്താന്‍ എത്രനാള്‍ കാത്തിരിക്കണമെന്ന് അറിയില്ലെന്നും ബെന്നി ബഹനാന് പറഞ്ഞു. അത്രമാത്രം ജനങ്ങളുമായി ബന്ധപ്പെട്ടു നിന്ന വ്യക്തിയായിരുന്നു. ജനങ്ങളില്‍ നിന്നും ജീവവായു ശ്വസിക്കുന്ന ഒരു വ്യക്തി. അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ആള്‍ക്കൂട്ടത്തില്‍ ചെല്ലുമ്പോള്‍ കൂടുതല്‍ ശക്തനാവും. രാഷ്ട്രീയത്തിനതീതമായി അദ്ദേഹമെന്നുമെന്നും ജനമനസുകളില്‍ തങ്ങും. അദ്ദേഹത്തിന്റെ ഓര്‍മകളില്‍ തങ്ങള്‍ക്കും കരുത്തുണ്ടാകുമെന്ന് ബെന്നി ബഹനാന് വികാര നിര്‍ഭരനായി പറഞ്ഞു.
മോഹന്‍ലാല്‍.
പ്രഥമപരിഗണന എപ്പോഴും ജനങ്ങള്‍ക്ക് നല്കിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍.
ജെയ്ക് സി തോമസ്
സി.എം.എസ്. കോളേജില്‍ നിന്ന് മണര്‍കാട് വഴി പുതുപ്പള്ളിയിലേക്ക് 13 km ദൂരം തികച്ചുണ്ടാവില്ല. പക്ഷെ, ദൈര്‍ഘ്യമെത്രമേല്‍ ഉണ്ട് ഓര്‍മകളുടെയും അനുഭവങ്ങളുടെയും. മനുഷ്യ സംബന്ധമായ യാതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ മാര്‍ക്സിയന്‍ അനുഭവത്തിന്റെ കോണ്‍ഗ്രസ് മുഖമായിരുന്നു അങ്ങ്. അഞ്ച് പതിറ്റാണ്ട് കാലം നീണ്ട് നിന്ന ജന പ്രാതിനിധ്യത്തിന്റെ വിസ്മയകരമായ അനുഭവ സമ്പത്തിന്റെ ഉടമ. യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും തലങ്ങളുള്ളപ്പോഴും ഇത്രേമേല്‍ വിപുലമായ അനുഭവലോകത്തെ മനുഷ്യ സമുദായത്തിനാകെ ബഹുമാനത്തോടെ മാത്രമേ അഭിസംബോധന കഴിയൂ. പുതുപ്പള്ളി വഴി കേരള രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച അങ്ങേയ്ക്ക് ആദരവോടെ വിട.