തദ്ദേശ സ്ഥാപങ്ങളിലെ ഓഡിറ്റിങ്ങ് നിര്‍ത്തിവച്ചത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നും നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നുമായിരുന്നു ഹര്‍ജിയില്‍ ചെന്നിത്തല ബോധിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് അടക്കമുള്ള പ്രധാന പദ്ധതികളിലെ അഴിമതി മൂടിവെക്കുകയാണ് തീരുമാനത്തിന് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഓഡിറ്റ് നിര്‍ത്തി വച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സോഫ്റ്റ്വെയര് അപ്ഡേഷനുമായി ബന്ധപ്പെട്ട കാലതാമസമാണ് ഇപ്പോഴുള്ളതെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഓഡിറ്റ് തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ തദ്ദേശ ഓഡിറ്റ് റദ്ദാക്കിയ വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. അഴിമതിക്ക് മറപിടിക്കാനാണ് ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവച്ചതെന്നാണ് ചെന്നിത്തല ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.


