എം. എസ്. എഫ് നേതാക്കള്‍ക്കെതിരെ ഹരിത നേതൃത്വം നല്കിയ പരാതി പിന്‍വലിക്കാന്‍ മുസ്ലീം ലീഗ് നല്കിയ സമയം ഇന്ന് അവസാനിക്കും. നടപടിയില്ലാതെ പരാതി പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പരാതിക്കാര്‍. പാര്‍ട്ടിക്കുള്ളില്‍ തീര്‍ക്കേണ്ട പ്രശ്നങ്ങള്‍ പൊതുജനത്തിന് മുന്നിലെത്തിച്ച ഹരിത പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.
എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ആലോചന. ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിന്‍വലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.
ഇന്ന് രാവിലെ പത്ത് മണിക്കുള്ളില്‍ വനിതാ കമ്മീഷനില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്നാണ് മുസ്ലീം ലീഗ് നേതാക്കള്‍ ഹരിതയുടെ നേതൃത്വത്തിന് നല്കിയ അന്ത്യശാസനം. എന്നാല്‍ പരാതി വനിതാ കമ്മീഷന് കോഴിക്കോട് സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് പൊലീസ് പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു.
എം.എസ്.എഫ് പ്രവര്‍ത്തര്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിത നേതൃത്വത്തിന്റെ പരാതി ലീഗ് നേതൃത്വത്തിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുമ്പോഴും പരാതി പിന്‍വലിക്കാന്‍ ഹരിത പ്രവര്‍ത്തകര്‍ തയാറാകുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പാണക്കാട് നടന്ന ചര്‍ച്ചയിലും പരാതി പിന്‍വലിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് എന്നിവരെ താക്കീത് ചെയ്യാമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.
എന്നാല്‍ നേതൃപദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ ഹരിത പ്രവര്‍ത്തകര്‍ ഉറച്ചു നില്‍ക്കുകയാണ്.ഈ സാഹചര്യത്തിലാണ് ഇന്ന് 10 മണിക്കുള്ളില്‍ പരാതി പിന്‍വലിക്കുന്നതില്‍ തീരുമാനമെടുക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. പരാതി പാര്‍ട്ടി പരിഗണിക്കുന്നതിനിടയിലാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും പാര്‍ട്ടി തീരുമാനത്തിന് കാത്തുനില്‍ക്കാതെ വിഷയം പൊതുജനത്തിന്റെ മുന്നില്‍ എത്തിച്ച ഹരിത പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ അഭിഭ്രായം. പരാതിക്കാര്‍ക്കെതിരെ നടപടി ഉണ്ടായാല്‍ എം.എസ്.എഫില്‍ നിന്നു ഉള്‍പ്പടെ പരസ്യ പ്രതികരണവുമായി കൂടുതല്‍ പേര് രംഗത്തെത്തുമെന്ന മുന്നറിയിപ്പും ലീഗ് നേതൃത്വത്തിന് മുന്നിലുണ്ട്.