സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നു. നാടാകെ അണിനിരന്ന് പ്രതിരോധിക്കണം. ലഹരി സാമൂഹ്യ വിപത്താണ്. ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. യുവജനങ്ങളിലാണ് അധികം. സര്‍ക്കാര്‍ തലത്തില്‍ നിയമം നടപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 2 വരെ തീവ്ര പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിനിമ, സീരിയല്‍, കായിക മേഖലയിലുള്ളവര്‍ പങ്കാളികളാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പറഞ്ഞു. വിവിധ തലങ്ങളില്‍ സമിതികള്‍ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിക്കും. ബസ് സ്റ്റാന്റും റെയില്‍വേ സ്റ്റേഷനും അടക്കം പൊതു ഇടങ്ങളില്‍ ജനജാഗ്രതാ സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങള്‍ ലഹരി വില്‍ക്കില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ നമ്പറടക്കം ബോര്‍ഡ് വയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന തെരുവ്നായ ശല്ല്യം നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതു കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളര്‍ത്തു നായ്ക്കളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. തെരുവ് നായ്ക്കള്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ കുത്തിവയ്പ്പ് നല്‍കുമെന്നും അദേഹം പറഞ്ഞു.


