തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ സമയം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യാപാരി നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ഓണം, ബക്രീദ് വിപണികള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് സൂചന. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വ്യാപാരി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്.
എന്നാല്‍, വ്യാപാരി നേതാക്കളോടോ മറ്റു സംഘടനകളോടോ ആലോചിക്കാതെ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ ഏകപക്ഷീയമായി സമരം പിൻവലിക്കാനുള്ള തീരുമാനം എടുത്തത് വ്യാപാരികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാരിൻ്റെ നയതീരുമാനം ഉണ്ടാവണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കച്ചവട സ്ഥാപനങ്ങള്‍ തുറക്കുകയെന്നത് ഗൗരവമുള്ള വിഷയമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കണം. നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടാല്‍ അത്തരം സ്ഥാപനങ്ങള്‍ അടപ്പിക്കണം. ഒരുപരിധിവരെ ഇതിനായി പൊലീസിൻ്റെ ഇടപെടല്‍ വേണ്ടിവരുമെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ വസ്ത്രവ്യാപാര ശാലകളും ജുവലറികളും എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്, നവാബ് ജാന്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്. രവി ഇക്കാര്യം പറഞ്ഞത്.


