ആലുവ: ഏറെ വാദപ്രതിവാദങ്ങള്‍ക്കിടെ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹിയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ആലുവ, പാലാരിവട്ടം മേല്പാലങ്ങളും പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ 10 കോടിയുടെ സാമ്പത്തിക ഇടപാടുമടക്കം യോഗത്തില്‍ ചര്‍ച്ചയാവും. സാമ്പത്തിക ഇടപാടുകളടക്കം ചൂണ്ടിക്കാട്ടി വി.കെ. ഇബ്രാഹിംകുഞ്ഞിനും മകന് വിഇ അബ്ദുള്ഗഫൂറിനുമെതിരെ 2020 മെയ് 26ന് ലീഗിന്റെ എറണാകുളം ജില്ലാ ഭാരവാഹികള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്കിയ പരാതിയും യോഗത്തില്‍ ചര്‍ച്ചയാവും.
പരാതിക്ക് ശേഷം ആദ്യമായാണ് ജില്ലയില്‍ ഭാരവാഹികളുടെ യോഗം ചേരുന്നത്. വിവാദ വിഷയങ്ങളിലെ വാദപ്രതിവാദ ചര്‍ച്ച യോഗത്തില്‍ സംഘര്‍ഷത്തിന് കാരണമാകും. ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് എറണാകുളം സരിത തീയേറ്ററിന് എതിര്‍വശമുള്ള മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലുള്ള സി എച്ച് മുഹമദ് കോയ സ്മാരക ലീഗ് ഹൗസിലാണ് പ്രസിഡണ്ട് കെ എം അബ്ദുള്‍ മജീദിന്റെ അധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുള്ളത്. സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരമാണ് യോഗം ചേരുന്നത്.
അതേസമയം യോഗത്തില്‍ നിന്നും ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വിഇ അബ്ദുള്‍ ഗഫൂറിനെയും ജില്ലാ വൈസ് പ്രസിഡണ്ടന്റ് ടിഎം അബാസിനെയും ഒഴിവാക്കിയതായും സൂചനയുണ്ട്. എന്നാല്‍ ഇവരെ ഒഴിവാക്കി യോഗം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇബ്രാഹിം കുഞ്ഞ് പക്ഷം. പതിനെട്ടംഗം ലീഗ് ജില്ലാഭാരവാഹികളില് 11 പേര് ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുള്‍ മജീദിനൊപ്പവും ഏഴുപേര്‍ ഇബ്രാഹിം കുഞ്ഞിനോപ്പവുമാണ് നിലയുറപ്പിച്ചിട്ടുള്ളത്.


