ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. സോണിയാ ഗാന്ധി ഇടപെട്ടതോടെയാണ് പ്രശ്ന പരിഹാരമായത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഹൈക്കമാന്‍ഡ് നടത്തും. രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ആദ്യം ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമില്‍ മൂന്ന് വര്‍ഷം ഡി.കെ. ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് ധാരണ.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം എത്തുന്നത്. ഭരണകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ ഭൂരിപക്ഷം എം.എല്‍.എ.മാരും സിദ്ധരാമയ്യക്കൊപ്പമായിരുന്നു. രാവിലെ ഡല്‍ഹിയില്‍ എത്തിയ ഡി.കെ. ശിവകുമാറുമായി കെ.സി. വേണുഗോപാല്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കെ.സി. വേണുഗോപാല്‍ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചനടത്തുകയും ചെയ്തു.
ആദ്യടേമില്‍ ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരവകുപ്പും വേണമെന്ന ആവശ്യമാണ് ഡി.കെ. ശിവകുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. കൂടെനില്‍ക്കുന്ന നേതാക്കള്‍ക്ക് പ്രധാനപ്പെട്ട വകുപ്പുകള്‍ മന്ത്രിസഭയില്‍ നല്‍കണമെന്നും ടേം സംബന്ധിച്ച് കൃത്യമായ ഉറപ്പ് വേണമെന്നും ഡി.കെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചതായാണ് വിവരം.
അതേസമയം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തി ഡി.കെ. ശിവകുമാര്‍ തന്റെ ആവശ്യങ്ങള്‍ അറിയിച്ചശേഷം ഡി.കെ. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ നിന്ന് തിരികെ പോയി. തുടര്‍ന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഖാര്‍ഗെ സിദ്ധരാമയ്യയോട് കാര്യങ്ങള്‍ വിശദീകരിച്ചതായാണ് വിവരം.


