തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ ഐ.ടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. ഇതൊരു അന്താരാഷ്ട്ര കരാറായിരുന്നു. അതില്‍ പാലിക്കേണ്ട നിയമപരവും ധാര്‍മികവുമായ നടപടി പാലിച്ചിട്ടില്ല. കമ്പനിയുടെ ചരിത്രം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു ഫയല്‍ പോലും സര്‍ക്കാറിന്റെ അടുത്തില്ല. ഈ നടപടി നിയമവിധേയമല്ല. കമ്പനി ഡേറ്റ തട്ടിപ്പ് കേസില്‍ പ്രതിയാണ്. മുഖ്യമന്ത്രി ന്യായീകരിച്ചത് പോലുള്ള കേസല്ല കമ്പനിക്ക് എതിരെയുള്ളത്. വിവരങ്ങള്‍ മോഷ്ടിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്. കമ്പനികളുടെ വിശ്വാസ്യതയാണ് ഇത്തരം അന്താരാഷ്ട്ര നടപടിയില്‍ വേണ്ടത്?. ഇടപാട് മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ല. ഇവരുടേത് സൗജന്യ സേവനമാണെന്ന വാദവും പൊളിഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ മുതല്‍ പണം നല്‍കണം.
സൗജന്യ സേവനത്തിന് വരുന്നവരെയാണ് പേടിക്കേണ്ടത്. കോവിഡിന്റെ മറവില്‍ സ്പ്രിംഗ്ളര്‍ ഇടപാടിലൂടെ 200 കോടിയുടെ വിവരങ്ങളാണ് കമ്പനിക്ക് ലഭിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. ഇതില്‍ അഴിമതിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പണത്തേക്കാള്‍ വിലയുള്ള ഒന്നാണ് വിവരങ്ങള്‍. പ്രത്യേകിച്ച് ആരോഗ്യ വിവരങ്ങള്‍ക്ക്. വിദേശ നാടുകളില്‍ ഒരാളുടെ ആരോഗ്യവിവരത്തിന് 10,000 രൂപയാണ് നല്‍കുന്നത്. 1.75 ലക്ഷം വ്യക്തികളുടെ വിവരങ്ങള്‍ ഇപ്പോള്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. മലയാളിയുടെ ജീവന് അപകടത്തിലാക്കുന്ന നടപടിയാണ് ഇതിലൂടെ ഉണ്ടായത്. വലിയ പ്രത്യാഘാതമാണ് വരാന്‍ പോകുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങള്‍ ഉണ്ടായാല്‍ കേരള സര്‍ക്കാറിന് ന്യൂയോര്‍ക്കില്‍ പോയി കേസ് നടത്തേണ്ടി വരും. ഉറുമ്പിന് ഭക്ഷണം കൊടുക്കുന്ന കാര്യം വരെ പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ഇത്തരം ഇടപടിനെക്കുറിച്ച് മറച്ചുവെച്ചത്. വളരെ നിഗുഢമായ കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


