ശബരിമലയിലെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. ബസുകളില്‍ തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലായിരുന്നു വിമര്‍ശനം. ശബരിമല സര്‍വീസിന് ഉപയോഗിക്കുന്നതിലേറെയും കാലാവധി പൂര്‍ത്തിയായ പഴയ ബസുകളാണെന്ന പരാതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസി അധിക ചാര്‍ജ് വാങ്ങുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ജനങ്ങളെ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന ആരോപണം ശരിയല്ലെന്നായിരുന്നു കെഎസ്ആര്‍ടിസി വിശദീകരണം. എല്ലാ വര്‍ഷവും പുതിയ ബസുകള്‍ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകള്‍ കിട്ടിയില്ലെന്നും കെഎസ്ആര്‍ടിസി ഉന്നതഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍, പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു കൊള്ളാന്‍ എഡിജിപി എംആര്‍ അജിത്കുമാര്‍. ഇന്ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് എഡിജിപി ഇത് പറഞ്ഞത്.
ശബരിമലയില്‍ ഇന്ന് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം. പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആണ് കടത്തി വിടുന്നത്. ഇന്ന് 82364 പേരാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇതുവരെ 38000ലധികം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി എന്നാണ് ദേവസ്വം ബോര്‍ഡ് കണക്ക്. മഴ മാറി നില്‍ക്കുന്നത് അനുകൂല അന്തരീക്ഷമാണ്.
ദര്‍ശന സമയം ഇനിയും വര്‍ധിപ്പിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ശബരിമലയിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയുന്നില്ല. മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നത് പിടിപ്പുകേടാണോ എന്ന് പരിശോധിക്കണം. ദീര്‍ഘകാലം ശബരിമല ഡ്യൂട്ടി നോക്കിയ ഉദ്യോഗസ്ഥരെ പതിനെട്ടാം പടിയില്‍ നിയോഗിക്കണം. സന്നിധാനത്തും പമ്പയിലും പൊലീസ് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും പൂജാ സാധനങ്ങളുമായെത്തുന്ന വാഹനങ്ങള്‍ പോലും പൊലീസ് തടയുകയാണ്. കുട്ടികള്‍, പ്രായമായവര്‍, അസുഖബാധിതര്‍ എന്നിവര്‍ക്ക് പ്രത്യേകം ക്യൂ നില്ക്കാന് സംവിധാനം ഒരുക്കണമെന്നും ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടു.


