കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും കേരളത്തില്‍ നിന്നും എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തി പാര്‍ട്ടി ജനറല്‍ ബോഡി യോഗം. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി നേതാക്കള്‍ അംഗീകരിച്ചു. മത്സരമില്ലാതെ കെ സുധാകരന് തന്നെ പ്രസിഡന്റായി തുടരാനാണ് നിലവിലെ ധാരണ. ദില്ലിയില്‍ നിന്നും വൈകാതെ സുധാകരന്റെയും ഭാരവാഹികളുടേയും പേര് സോണിയ ഗാന്ധി പ്രഖ്യാപിക്കും.
അധ്യക്ഷനെ നോമിനേറ്റ് ചെയ്യാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയത് ഏകകണ്ഠമായാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ ജി പരമേശ്വര പ്രതികരിച്ചു. 254 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ യോഗമാണ് ഇന്ന് ചേര്‍ന്നത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു അജണ്ട. അധ്യക്ഷനായി കെ.സുധാകരന് തന്നെ തുടരാന്‍ ധാരണയിലെത്തിയിരുന്നു. തുടര്‍ന്നാണ് കെപിസിസി അധ്യക്ഷനെയും കെപിസിസി ഭാരവാഹികളേയും എ.ഐ.സി.സി അംഗങ്ങളേയും സോണിയാ ഗാന്ധിക്ക് തീരുമാനിക്കാം എന്ന പ്രമേയം പാസാക്കിയത്.
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണം എന്ന് എഐസിസിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയമാണ് യോഗത്തില്‍ ഇന്ന് പാസ്സാക്കിയത്. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശന്, കെ മുരളീധരന്, എം എം ഹസ്സന്, കൊടിക്കുന്നില്‍ സുരേഷ്, കെ സി ജോസഫ് എന്നിവര്‍ പിന്താങ്ങി. എഐസിസി അംഗങ്ങളെയും സോണിയ തീരുമാനിക്കും. അതേസമയം, മത്സരം ഇല്ലാതെ കെ സുധാകരന് അധ്യക്ഷന്‍ ആയി തുടരും. അംഗത്വ പട്ടികയിലും അധ്യക്ഷന്റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാല്‍ പക്ഷവും തമ്മില്‍ സമവായത്തിന് ധാരണയില്‍ എത്തിക്കഴിഞ്ഞു.
ഗ്രൂപ്പ് നേതാക്കള്‍ ധാരണ ഉണ്ടാക്കുമ്പോഴും വീതം വെപ്പ് എന്ന പരാതി ചില നേതാക്കള്‍ക്ക് ഉണ്ട്. അതേസമയം ജോഡോ യാത്ര നടക്കുന്നതിനാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കണം എന്നാണ് പൊതു ധാരണ.


