തിരുവനന്തപുരം : പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15,16 തിയ്യതികളിലായി രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്.
മൂന്ന് മണിക്ക് തിരുവനന്തപുരത്തെത്തുന്ന നിര്‍മ്മലാ സീതാരാമന് വൈകിട്ട് 5.15 ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കും.
വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനൊപ്പം തീരദേശ മേഖലയില്‍ റോഡ് ഷോ നടത്തും. വേളി ബോട്ട് ജെട്ടി ജംഗ്ഷനിലെ ഉദ്ഘാടനത്തിന് ശേഷം തുറന്ന ജീപ്പില്‍ വലിയതുറ, പൂന്തുറ വഴി പൊഴിയൂര്‍ അടിമലത്തുറ വരെയാണ് നിര്‍മ്മലാ സീതാരാമന് പങ്കെടുക്കുന്ന റോഡ് ഷോ.
നാളെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുത്ത ശേഷമാകും നിര്‍മ്മലാ സീതാരാമന് മടങ്ങുക. അമിത് ഷാ നാളെ വൈകീട്ട് നാലരയ്ക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും.