ഇടുക്കി: തൊടുപുഴ ബാർ ആക്രമണത്തിൽ ഉള്‍പ്പെട്ട രണ്ട് പ്രവർത്തകരെ ഡിവൈഎഫ്ഐ പുറത്താക്കി. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് പുറത്താക്കിയത്. ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരേയും പുറത്താക്കിയത്.
തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് മനസിലായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് ബ്ലോക്ക് സെക്രട്ടറി അരുൺ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ബാറിൽ ആക്രമണം നടത്തിയതെന്ന് ബാർ ജീവനക്കാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, ലിജോ, ഗോപികൃഷ്ണൻ കെ എസ്, ജിത്തു ഷാജി, മാത്യൂസ് കൊല്ലപ്പള്ളി എന്നിവർക്കെതിരെ പെലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു ബാറിൽ ആക്രമണം നടന്നത്. അവധി ദിനമായതിനാലും ഒരു മണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് പറഞ്ഞതോടെ നാലംഗസംഘം ജീവനക്കാരോട് തട്ടിക്കയറുകയും മർദ്ദിക്കുകയായിരുന്നു. കൗണ്ടറിൽ അതിക്രമിച്ച് കയറി പണം തട്ടിയെടുത്തതായും ബാർ ജീവനക്കാർ പറഞ്ഞിരുന്നു.