രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ഇന്ന് ചേരും. ബി.ജെ.പി അവിശ്വാസപ്രമേയവും കോണ്‍ഗ്രസ് വിശ്വാസ പ്രമേയവും കൊണ്ട് വരും. സ്പീക്കര്‍ വിശ്വാസ പ്രമേയം തെരഞ്ഞെടുത്ത് വോട്ടിനിടാനാണ് സാധ്യത. രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണ് നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യമുന്നയിച്ചത്. എംഎല്‍എമാര്‍ ഉന്നയിച്ച എല്ലാ പരാതികളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിന് മുന്നോടിയായി അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും കൂടിക്കാഴ്ച നടത്തി. ഒരു മാസത്തിന് ശേഷമാണ് രാജസ്ഥാനില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. 120 എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സര്‍ക്കാര്‍ ആത്മവിശ്വാസത്തിലാണ്. ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ വിശ്വാസപ്രമേയം കൊണ്ടുനേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് നിയമസഭാകക്ഷി യോഗത്തില്‍ എംഎല്‍എമാര്‍ വ്യക്തമാക്കി.
നേരത്തെ കുതിരക്കച്ചവടം ആരോപിക്കപ്പെട്ട എംഎല്‍എമാരായ ഭന്‍വര്‍ ശര്‍മ്മ, വിശ്വേന്ദ്ര സിങ് എന്നിവരുടെ സസ്പെന്ഷന് കോണ്‍ഗ്രസ് പിന്‍വലിച്ചു. ഇതിനിടെ ബിഎസ്പി എം.എല്‍.എമാരുടെ കോണ്‍ഗ്രസ് ലയനത്തിനെതിരെ ബിജെപി നല്കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവിറക്കാഞ്ഞത് ഗെഹ് ലോട്ടിന് ആശ്വാസമായി. ഹര്‍ജി വീണ്ടും സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.


