ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേല്‍ക്കുന്ന വിഷു ആഘോഷം നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വര്‍ധിപ്പിക്കുന്നതാകട്ടെ. എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരളത്തിന്റെ കാര്‍ഷിക സംസ്കാരത്തിന്റെ പ്രാധാന്യം വിഷു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിന്റെ കാര്‍ഷിക പാരമ്പര്യത്തെ ആവേശപൂര്‍വ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെല്‍കൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു.
സമൂഹത്തിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തില്‍ സ്നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളുടെ നാളുകള്‍ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിന്റെ സമഗ്രവും സര്‍വതല സ്പര്‍ശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താന്‍ നമുക്ക് കൈകോര്‍ക്കാം. വിഷുവിന്റെ സന്ദേശം പരസ്പരം പങ്കു വച്ച് ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാല്‍വയ്പുകളുമായി മുന്നേറാം.
വിഷു ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്:
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു. പ്രകൃതിദുരന്തങ്ങളും മഹാമാരിയും നമ്മെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തളര്‍ത്തിയ വര്‍ഷങ്ങളാണ് കടന്നു പോയത്. പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ഊര്‍ജവും പ്രതീക്ഷയും നല്കുന്നതാകട്ടെ, നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഇത്തവണത്തെ വിഷു. ഹൃദ്യമായ വിഷു ആശംസകള്‍.
ഗവര്‍ണറുടെ വിഷു ആശംസ:
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൃദ്യമായ വിഷു ആശംസകള്‍ നേര്‍ന്നു. ”ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്റെ ഹൃദ്യമായ വിഷു ആശംസകള്‍.
ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും കൈനീട്ടം നല്കി വിഷു നമ്മെ അനുഗ്രഹിക്കട്ടെ”- അദ്ദേഹം ആശംസ സന്ദേശത്തില്‍ പറഞ്ഞു.


