തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാത്രി 9 മണിയോടെ രാമനിലയത്തില്‍ എത്തി. വൈകിട്ട് വിമാനത്തില്‍ കൊച്ചിയിലെത്തിയ രാഹുലിനെ ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. റോഡ് മാര്‍ഗമാണു തൃശൂരിലേക്കു തിരിച്ചത്. വ്യാഴാഴ്ച രാവിലെ 9ന് തൃപ്രയാറിലേക്കു പോകും. ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. 12.15ന് ഹെലികോപ്റ്ററില്‍ കണ്ണൂരിലേക്ക്.

കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു രാമനിലയത്തില്‍ കൂടിയാലോചനകള്‍ നടന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രാത്രിയോടെ രാമനിലയത്തില്‍ എത്തിയിരുന്നു. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രാഹുലിനെ കാണാന്‍ രാമനിലയത്തിലെത്തി. സ്വകാര്യ സന്ദര്‍ശനം മാത്രമെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഉച്ചയോടെ തൃപ്രയാറില്‍നിന്നു ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ വിഐപി ലോഞ്ചില്‍ ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. തൃശ്ശൂരില്‍ നിന്നു അരമണിക്കൂറിനകം കണ്ണൂരില്‍ ഇറങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീളും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കാസര്‍കോട് പെരിയയിലേക്കു പോകും.


