ബിബിസി ഓഫീസില്‍ ആദായ നികുതി റെയിഡിനെതിരെ കോണ്‍ഗ്രസ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. വിനാശകാലെ വിപരീതബുദ്ധിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. അദാനി വിഷയത്തില്‍ പ്രതിപക്ഷം ജെപിസി അന്വേഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുകയാണെന്ന് ജയറാം രമേശ് പരിഹസിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ബിബിസിയുടെ മുംബൈയിലെയും ദില്ലിയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്.
മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യന്‍ ഭാഷ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നു.