കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വനിതാ മതിലിനെതിരെ ഹൈക്കോടതിയൽ ഇടക്കാല ഹർജി. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആണ് അഡ്വ. പി. ഇ സജൽ മുഖേന ഹർജി നൽകിയത്. കേരളത്തിൽ കനത്ത നാശം വിതച്ച പ്രളയത്തിന്റെ ഇരകൾക്ക് സർക്കാർ സഹായം ഉറപ്പാക്കാൻ, സർക്കാരിന്റെ പദ്ധതികളും, സഹായങ്ങളും പൊതു ജനങ്ങളെ അറിയിക്കാൻ പത്രങ്ങളിൽ പരസ്യം ചെയ്യാൻ ഹൈക്കോടതി പ്രളയവുമായി ബന്ധ പ്പെട്ടുള്ള ഫിറോസിന്റെ തുൾപ്പെടെയുള്ള പൊതുതാൽപര്യ ഹർജികളിൽ ഉത്തരവിട്ടിരുന്നു.
അത്തരത്തിൽ പരസ്യം ചെയ്യാൻ സർക്കാരിന് കയ്യിൽ പണം ഇല്ലായെന്ന് ബോധ്യപ്പെടുത്തി സർക്കാർ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ പ്രളയ കാര്യങ്ങൾക്ക് ചെലവഴിക്കാൻ സർക്കാരിന്റെ കയ്യിൽ പണം ഇല്ല, മറിച്ച് സർക്കാരിരിന്റെ രാഷട്രീയ താത്പര്യങ്ങൾ നടപ്പിലാക്കാനായി വനിതാ മതിൽ നിർമ്മിക്കാൻ കോടികൾ സർക്കാർ ഖജനാവിൽ നിന്നും ചെലവഴിക്കാൻ സർക്കാർ ഉത്തരവിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. വനിതാ മതിലാനായി ചെലവാക്കുന്ന പണം എത്രയാണെന്നും, അത് ഏത് വകുപ്പിൽ നിന്ന് ചെലവഴിക്കുന്നെന്നും, പ്രളയത്തിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് വനിതാ മതിലെനെന്നും ഹർജിയിൽ ചോദിക്കുന്നു.
പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് വനിതാ മതിലിന് പണം ചെലവഴിക്കുന്നതെങ്കിൽ അത് തടയണമെന്നും ആവശ്യപെട്ടാണ് ഹർജി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്


