സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കേരളസര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കേ, ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നിലപാടിനെപിന്തുണച്ച് മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.
പെട്രോള്‍- ഡീസല്‍ നികുതി ശേഖരണം സംബന്ധിച്ച് കേരള ധനമന്ത്രി ചില കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ടെന്നും അത് ശരിയല്ലെങ്കില്‍ കേന്ദ്ര ധനമന്ത്രി മറുപടി നല്‍കണമെന്നും ചിദംബരം ട്വീറ്റു ചെയ്തു. അത് ശരിയല്ലെങ്കില്‍ വിയോജനക്കുറിപ്പ് പുറപ്പെടുവിക്കുകയാണ് കേന്ദ്രധനമന്ത്രി ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
കേരള ധനമന്ത്രിയുടെ കണക്കുകള്‍ പ്രകാരം 2020-21ല്‍ 3.72 ലക്ഷം കോടി രൂപ എക്സൈസ് തീരുവ, സെസ്, അഡീഷണല്‍ എക്സൈസ് തീരുവ ഇനങ്ങളിലായി കേന്ദ്രം സമാഹരിച്ചു. ഇതില്‍ അടിസ്ഥാന എക്സൈസ് തീരുവയായി സമാഹരിച്ചത് 18000 കോടി മാത്രം. ഇതിന്റെ 41 ശതമാനം മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് പങ്കുവച്ചത്. ശേഷിക്കുന്ന 3.54 ലക്ഷം കോടി കേന്ദ്രം സ്വന്തമാക്കി.
ഇതാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്ന ‘സഹകരണാത്മക ഫെഡറലിസം’ മാതൃക. 3.54 ലക്ഷം കോടി രൂപ എവിടെ, എങ്ങനെ, എന്തിന് ചെലവഴിച്ചു? ഇതില്‍ ഒരു ഭാഗം കോര്‍പറേറ്റ് നികുതി കുറച്ചുകൊണ്ട് വന്‍കിടക്കാര്‍ക്ക് നല്കിയ 1.45 കോടി ഇളവ് സൃഷ്ടിച്ച ശൂന്യത നികത്താനാണ്- ചിദംബരം ട്വിറ്ററില്‍ പറഞ്ഞു.
ജി.എസ്.ടി. പിരിക്കുന്നതിലെ വിവേചനവും കേന്ദ്രസര്‍ക്കാരിന്റെ നികുതി കൊള്ളയും വിവരിച്ച് ഇംഗ്ലീഷ് ദിനപത്രത്തില്‍ കെ.എന്‍. ബാലഗോപാല്‍ വെള്ളിയാഴ്ചയെഴുതിയ ലേഖനം പരാമര്‍ശിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ ചിദംബരത്തിന്റെ ട്വീറ്റുകള്‍. ബാലഗോപാല്‍ ലേഖനത്തില്‍ വിവരിച്ച കണക്കുകള്‍ പ്രത്യേകം എടുത്തു പറഞ്ഞ ചിദംബരം, ഇതാണ് മോദി സര്‍ക്കാരിന്റെ സഹകരണാധിഷ്ഠിത ഫെഡറലിസമെന്നും പരിഹസിച്ചു.
ഇന്ധന വിലവര്‍ധനയ്ക്ക് ഉത്തരവാദി കേന്ദ്രം മാത്രമാണെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞു.


